സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് നിർണായക വിവരങ്ങളടങ്ങിയ ഫോൺ,അന്വേഷണം

തന്റെ ബാങ്ക് അക്കൗണ്ട് ആക്‌സസ്, വി ഐ പികളുടെ കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഉള്‍പ്പടെ നിരവധി വിവരങ്ങളടങ്ങിയ ഫോണാണ് നഷ്ടപ്പെട്ടതെന്ന് ഗാംഗുലി പറഞ്ഞു.

author-image
Greeshma Rakesh
New Update
സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് നിർണായക വിവരങ്ങളടങ്ങിയ ഫോൺ,അന്വേഷണം

കൊൽക്കത്ത:മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടിൽ മോഷണം. കൊൽക്കത്തയിലെ ബെഹാലയിലുള്ള വസതിയിലാണ് മോഷണം.തന്റെ ബാങ്ക് അക്കൗണ്ട് ആക്‌സസ്, വി ഐ പികളുടെ കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഉള്‍പ്പടെ നിരവധി വിവരങ്ങളടങ്ങിയ ഫോണാണ് നഷ്ടപ്പെട്ടതെന്ന് ഗാംഗുലി പറഞ്ഞു.സംഭവത്തിൽ താക്കൂർപുക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

1.6 ലക്ഷം രൂപ വിലമതിക്കുന്ന ഫോണ്‍ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്. രണ്ട് 5 ജി സിം കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന ഫോണാണ് ഗാംഗുലി ഉപയോഗിച്ചിരുന്നത്. വീട്ടില്‍ നിന്ന് തന്നെയാണ് ഫോണ്‍ മോഷ്ടിക്കപ്പെട്ടത് എന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായും ഗാംഗുലി പറഞ്ഞു.

'ഫോണ്‍ കണ്ടെത്താന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ആശങ്കയുണ്ട്. കാരണം. ഫോണില്‍ പ്രധാനപ്പെട്ട കോണ്‍ടാക്റ്റ് നമ്പറുകളും വ്യക്തിഗത വിവരങ്ങളിലേക്കും അക്കൗണ്ടുകളിലേക്കും ആക്സസും ഉണ്ട്. ഫോണ്‍ കണ്ടെത്താനോ ഉചിതമായ നടപടിയെടുക്കാനോ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,' ഗാംഗുലി പരാതിയില്‍ പറഞ്ഞു.

സൗരവ് ഗാംഗുലിയുടെ വീട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്റിംഗ് ജോലികൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഫോൺ മോഷണം പോയത്. പെയിന്റിംഗ് ജോലിക്കാരുൾപ്പെടെ വീട്ടിൽ വന്നവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

kolkata phone stolen Crime Sourav Ganguly cricket