/kalakaumudi/media/post_banners/989634939c7fc317c4806e37b52e330ee6ab2efaef669c2c03962e181ffc8b8f.jpg)
പത്തനംതിട്ട: മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് സൂചന. കഴുത്ത് മുറുക്കിയതിന്റെ ലക്ഷണങ്ങളാണ് മൃതദേഹത്തില്‍ കാണുന്നതെന്ന് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മൈലപ്ര പോസ്റ്റ് ഓഫീസിന് സമീപം പുതുവേലില്‍ സ്റ്റോഴ്സ് എന്ന കട നടത്തുന്ന പുതുവേലില്‍ ജോര്‍ജ് ഉണ്ണൂണ്ണി(73)യെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കടയ്ക്കുള്ളിലെ മുറിയില്‍ കൈകാലുകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കടയില്‍ സാധനം വാങ്ങാന്‍ എത്തിയ ആള്‍, ജോര്‍ജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജോര്‍ജിന്റെ ദേഹത്തുണ്ടായിരുന്ന എട്ടു പവന്റെ സ്വര്‍ണമാല കാണാതായിട്ടുണ്ട്. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷണം പോയതായി അന്വേഷണത്തില്‍ കണ്ടെത്തി.
കൃത്യം നടത്താനായി രണ്ട് കൈലിയും ഒരു ഷര്‍ട്ടും ഉപയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ, പരിശോധനയ്ക്കെത്തിയ പോലീസ് നായ സംഭവസ്ഥലത്തുനിന്ന് മണംപിടിച്ചശേഷം 400 മീറ്റര്‍ അകലെയുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലേക്കാണ് ഓടിക്കയറിയത്.
പത്തനംതിട്ട എസ്.പി.യുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈ.എസ്.പി.മാര്‍ അടങ്ങുന്ന പ്രത്യേകസംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.