/kalakaumudi/media/post_banners/012c836e83db92a4ae2f5c9a66af7a760528ac500afb8696aada7fdb84c8af18.jpg)
ന്യൂഡല്‍ഹി: പുതിയ കേന്ദ്രനിയമത്തിനെതിരെ വാണിജ്യ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ നടത്തുന്ന സമരം ശക്തം. ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തെ തുടര്‍ന്ന് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ഭീതിയെ തുടര്‍ന്ന് ജനങ്ങള്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മത്സരിച്ചെത്തിയതോടെയാണ് പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കുണ്ടായത്. ബിഹാര്‍, പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പമ്പുകളിലാണ് കഴിഞ്ഞ രണ്ടുദിവസമായി വന്‍ തിരക്ക് അനുഭവപ്പെടുന്നത്.
രാജ്യത്തെ നിരവധി ഇന്ധന പമ്പുകളില്‍ ഇതിനകം പെട്രോളിന്റെയും ഡീസലിന്റെയും സ്റ്റോക്ക് തീര്‍ന്നു. ചെറുപട്ടണങ്ങളെയും ഗ്രാമപ്രദേശങ്ങളെയുമാണ് നിലവില്‍ ഇന്ധനക്ഷാമം ബാധിച്ചിരിക്കുന്നത്. മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളില്‍ നിലവില്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരമായി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ വാഹനാപകടത്തെ തുടര്‍ന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് കാരണം. ഭാരതീയ ന്യായ് സംഹിതയിലെ 104-ാം വകുപ്പ് പ്രകാരം അപകടമരണം സംഭവിച്ചാല്‍ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.
അതുപോലെ, മരണത്തിന് ഇടയാക്കുന്ന അപകടമുണ്ടായാല്‍ വിവരം ഉടന്‍ പോലീസിനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടാല്‍ ഡ്രൈവര്‍ക്ക് 10 കൊല്ലം വരെ തടവും പിഴയുമാണ് ലഭിക്കുക. ഇതാണ് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് കാരണം. നേരത്തേ ഐ.പി.സി. 304 (എ) വകുപ്പ് പ്രകാരം മരണകാരണമാകുന്ന അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ ലഭിച്ചിരുന്നത്.
പുതിയ നിയമപ്രകാരം അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 10 കൊല്ലം തടവും ഏഴ് ലക്ഷം രൂപ പിഴയുമാണ് ശിക്ഷയെന്നും ഇത്ര വലിയ തുക തങ്ങള്‍ എങ്ങനെയാണ് അടയ്ക്കുകയെന്നും സമരം ചെയ്യുന്ന ട്രക്ക്, ടാക്സി ഡ്രൈവര്‍മാര്‍ ചോദിക്കുന്നു.
ആയിരക്കണക്കിന് ഇന്ധനടാങ്കറുകളുടെ ഡ്രൈവര്‍മാരും സമരത്തില്‍ അണി നിരന്നതോടെയാണ് ഇന്ധനവിതരണം പ്രതിസന്ധിയിലായത്. സമരം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ നഗരങ്ങളില്‍ ഇന്ധനപ്രതിസന്ധി രൂപപ്പെടുമെന്നാണ് കരുതുന്നത്. ഹിമാചല്‍ പ്രദേശിന്റെ ടൂറിസം മേഖലയെ സമരം ഇതിനകം ബാധിച്ചുകഴിഞ്ഞു. ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിലായതാണ് ഇതിനുകാരണം.
പട്‌നയില്‍ മുദ്രാവാക്യം വിളിച്ചും ഡ്രൈവര്‍മാര്‍ പ്രതിഷേധിക്കുന്നുണ്ട്. സമരക്കാര്‍ ടയറുകള്‍ കത്തിച്ച് റോഡ് ഉപരോധിച്ചു. നവി മുംബൈയില്‍ ചൊവ്വാഴ്ച രാവിലെ കൂട്ടമായി എത്തിയ ട്രക്ക് ഡ്രൈവര്‍മാര്‍ പോലീസുകാരനെ ആക്രമിച്ചു. മുംബൈ-ബെംഗളൂരു ദേശീയപാത ഉപരോധിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്.
താനെയില്‍ മുംബൈ-അഹമ്മദാബാദ് ദേശീയപാത ഉപരോധിച്ച സമരക്കാര്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും പോലീസ് വാഹനത്തിന് തകരാറ് സംഭവിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ധാറില്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരും ട്രക്ക് ഡ്രൈവര്‍മാരും പിതംപുര്‍ ദേശീയപാത ഉപരോധിച്ചു. ഭോപ്പാലിലും ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
