
കണ്ണൂര്‍: കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. തലശ്ശേരിയില്‍ ബസ് ജീവനക്കാരനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബസുകളുടെ മിന്നല്‍ പണിമുടക്കില്‍ ഏറെ വലഞ്ഞിരിക്കുകയാണ് വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍.
തലശ്ശേരി, പാനൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് പണിമുടക്ക്. ഏകദേശം 15 ലധികം റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കരിയാട് - തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ രണ്ട് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളെ തുടര്‍ച്ചയായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നത്. അതേ സമയം ഈ മിന്നല്‍ പണിമുടക്ക് ബസുടമകളോ ബന്ധപ്പെട്ട സംഘടനകളോ ആഹ്വാനം ചെയ്ത പണിമുടക്കല്ല. തൊഴിലാളികള്‍ ഇന്നലെ വാട്ട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത് നടപ്പിലാക്കിയ പണിമുടക്കാണ്.
തലശേരിയില്‍ ബസ് കണ്ടക്ടറെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട്ടും പണിമുടക്ക് നടക്കുന്നത്. തലശേരി - തൊട്ടില്‍പാലം, കോഴിക്കോട് - തലശേരി, കോഴിക്കോട് - കണ്ണൂര്‍ , കോഴിക്കോട് - വടകര റൂട്ടുകളിലാണ് മിന്നല്‍ പണിമുടക്ക്. അതുപോലെ തൃശൂരില്‍ വിദ്യാര്‍ത്ഥിയെ ബസില്‍ നിന്നും ഇറക്കി വിട്ട സംഭവത്തിലും ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലും പ്രതിഷേധം നടക്കുന്നുണ്ട്. മിക്ക യാത്രക്കാരും ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന് ശേഷമാണ് പണിമുടക്കിനെ കുറിച്ച് അറിഞ്ഞത്. ഇത് യാത്രക്കാരെ ഏറെ വലച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കുറവുള്ള പ്രദേശം കൂടിയാണ് ഇവിടം.