
പത്തനംതിട്ട: ശബരിമലയില്‍ വില്‍പന തടഞ്ഞ അരവണ നശിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നശിപ്പിക്കണമെന്ന് ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്നായിരുന്നു ആരോപണം.അരവണയുടെ വില്‍പ്പന തടഞ്ഞ കേരള ഹൈകോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
അരവണ ഭക്ഷ്യ യോഗ്യമാണെന്ന് പരിശോധന ഫലം വന്നെങ്കിലും കാലാവധി കഴിഞ്ഞിരുന്നു.ഇത്തരത്തില്‍ 6.65 ലക്ഷം ടിന്‍ അരവണയാണ് കെട്ടിക്കിടക്കുന്നത്. ഏതാണ്ട് ഏഴ് കോടിയുടെ നഷ്ടം ഇതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായതെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ഗിരിയും അഭിഭാഷകന്‍ പി.എസ്. സുധീറും കോടതിയില്‍ ചൂണ്ടിക്കാട്ടി.
വാണിജ്യ താത്പര്യമുള്ള വിഷയങ്ങളില്‍ ഹൈക്കോടതി ഇടപെട്ടത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.എസ്. നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. ഏലയ്ക്കയുടെ കരാര്‍ ലഭിക്കാത്ത വ്യക്തി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഇടപെടല്‍ എന്നും കോടതി ചൂണ്ടിക്കാട്ടി.
അതെസമയം രാജ്യത്തെ ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രസാദങ്ങള്‍ എല്ലാം ഭക്ഷ്യ സുരക്ഷാപരിശാധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
.