/kalakaumudi/media/post_banners/298a98c57a25cb20bc417b6e47f275c8de430edb67621f81ada3de680ac2c6c1.jpg)
ഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കാന്‍ തുടങ്ങി. ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു. ഹര്‍ജികളില്‍ മൂന്നു യോജിച്ച വിധികളാണ് പറയുന്നത്.
സുപ്രീം കോടതി ജസ്റ്റിസും രണ്ടു ജസ്റ്റിസ്റ്റുമാരും വ്യത്യസ്ത വിധികള്‍ പ്രസ്താവിക്കും. ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ട കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും ഉള്‍പ്പടെയുള്ളവരാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഓഗസ്റ്റ് 2 മുതല്‍ വാദം കേട്ടിരുന്നുവെങ്കിലും സെപ്റ്റംബര്‍ 5 നാണ് വിധി പറയാന്‍ മാറ്റിയത്.
കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹരീഷ് സാല്‍വേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന്‍, സഫര്‍ ഷാ എന്നിവരും കോടതിയില്‍ ഹാജരായി.
2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്നതും ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കിയത്.
ഒക്ടോബര്‍ 31നു ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെട്ടു. ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്നു ലഫ്. ഗവര്‍ണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.