സുശാന്ത് സിങ്ങിന്‍റെ മരണം; റിയ ചക്രവർത്തിക്കെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കി ബോംബെ ഹൈക്കോടതി

എൽ.ഒ.സിക്കെതിരെ റിയ ചക്രവർത്തിയും സഹോദരനും പിതാവും സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
സുശാന്ത് സിങ്ങിന്‍റെ മരണം; റിയ ചക്രവർത്തിക്കെതിരെയുള്ള ലുക്ക് ഔട്ട് സർക്കുലർ റദ്ദാക്കി ബോംബെ ഹൈക്കോടതി

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിൽ റിയ ചക്രവർത്തി സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത്ത് എന്നിവർക്കെതിരെ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറുകൾ (എൽ.ഒ.സി) റദ്ദാക്കി ബോംബെ ഹൈക്കോടതി.

എൽ.ഒ.സിക്കെതിരെ റിയ ചക്രവർത്തിയും സഹോദരനും പിതാവും സമർപ്പിച്ച ഹർജികൾ ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും മഞ്ജുഷ ദേശ്പാണ്ഡെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.സി.ബി.ഐയുടെ അഭിഭാഷകൻ ശ്രീറാം ഷിർസാത്ത് ബെഞ്ചിന്‍റെ ഉത്തരവ് നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.

2020ലാണ് മൂവർക്കുമെതിരെ നടന്റെ മരണം അന്വഷിക്കുന്ന സിബിഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതുപ്രകാരം കോടതിയുടെ പ്രത്യേക അനുമതിയില്ലാതെ ഇവർക്ക് വിദേശത്തേക്ക് പോകാനാകില്ലായിരുന്നു.എന്നാൽ ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കിയതിനാൽ ഇനിമുതൽ കോടതിയുടെ അനുമതി ഇല്ലാതെ മൂവർക്കും വിദേശത്തേക്ക് പറക്കാൻ സാധിക്കും.

 

2020 ജൂണിലാണ് സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 34കാരനായ താരത്തെ ബാന്ദ്രയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുംബൈ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നടന്‍റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് സുശാന്ത് സിങ് രാജ്പുത്തിന്‍റെ പിതാവ് 2020 ജൂലൈയിൽ ബിഹാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

cbi bombay high court sushant singh rajput suicide case Rhea Chakraborty look out circular