/kalakaumudi/media/post_banners/7e65586a554908ed848f2945d585779cb84d253491575010956bf8300f8332b0.jpg)
ചെന്നൈ: തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍ ആര്‍.എന്‍.രവി. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് ഗവര്‍ണറുടെ നടപടി. ബില്ലുകളില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഗവര്‍ണറെ വിമര്‍ശിച്ചിരുന്നു.
തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ സമീപിച്ച ശേഷം മാത്രം ബില്ലുകള്‍ പരിഗണിച്ച ഗവര്‍ണര്‍ 3 വര്‍ഷം എന്തെടുക്കുകയായിരുന്നുവെന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. സര്‍ക്കാര്‍ കോടതിയെ സമീപിക്കുംവരെ ഗവര്‍ണര്‍ കാത്തുനിന്നത് എന്തുകൊണ്ടാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചോദിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റുകയായിരുന്നു.
ഹര്‍ജിയില്‍, നവംബര്‍ 10നു ഗവര്‍ണര്‍ക്കു സുപ്രീം കോടതി നോട്ടിസയച്ചിരുന്നു. പിന്നാലെ, 2020 മുതല്‍ കൈവശമിരിക്കുന്ന 10 ബില്ലുകള്‍ ഒന്നിച്ചു പരിഗണിച്ച ഗവര്‍ണര്‍ ഇവ തിരിച്ചയച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവി പരിമിതപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ബില്ലുകളാണ് ഗവര്‍ണര്‍ തിരിച്ചയച്ചത്. ഗവര്‍ണര്‍ തിരിച്ചയച്ച 10 ബില്ലുകളും നവംബര്‍ 18ന് മാറ്റങ്ങളില്ലാതെ തമിഴ്‌നാട് നിയമസഭ പ്രത്യേക സമ്മേളനത്തില്‍ വീണ്ടും പാസാക്കിയിരുന്നു. ഇതില്‍ ഗവര്‍ണറുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാനാണു കോടതി ഹര്‍ജി വീണ്ടും മാറ്റിയത്.