വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍; കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മന്ത്രി

തമിഴ്‌നാട് വിദ്യഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.

author-image
anu
New Update
വിദ്യാഭ്യാസ മാതൃക നേരിട്ടറിയാന്‍; കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് തമിഴ്‌നാട് മന്ത്രി

കോഴിക്കോട്: തമിഴ്‌നാട് വിദ്യഭ്യാസ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നേരിട്ടറിയുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. തമിഴ്നാട് മന്ത്രി അന്‍പില്‍ മഹേഷ് പൊയ്യമൊഴിയും സംഘവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് എച്ച്എസ് സ്‌കൂളിലായിരുന്നു സന്ദര്‍ശനം നടത്തിയത്.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവും പാഠ്യ-പാഠ്യേതര രംഗത്തുള്ള മുന്നേറ്റവും നേരിട്ടറിയാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തന്റെ സന്ദര്‍ശനമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ കൈവരിച്ച പശ്ചാത്തല വികസനവും വിദ്യാര്‍ഥികള്‍ക്കായി സജ്ജീകരിച്ച വെര്‍ച്വല്‍ റിയാലിറ്റി ക്ലാസ് മുറികളുടെ പ്രവര്‍ത്തനങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. അധ്യാപകരോടും കുട്ടികളോടും അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ എന്‍.ഐ.എഫ്.ടി, കോഴിക്കോട് എന്‍.ഐ.ടി എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിനുശേഷമാണ് മന്ത്രി സ്‌കൂളിലേക്ക് എത്തിയത്.

കേരളത്തിന്റെ മാതൃക തമിഴ്‌നാട്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അന്‍പില്‍ മഹേഷ് പറഞ്ഞു. ദാരിദ്ര്യമല്ല, അഭിമാനമാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ അടയാളമെന്ന് വ്യക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അതിനുള്ള മാതൃകകള്‍ തേടിയാണ് കേരളത്തിലെത്തിയത്. തമിഴ്‌നാട് നടപ്പാക്കുന്ന മോഡല്‍ സ്‌കൂള്‍ പദ്ധതിക്ക് കേരളം പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

tamilnadu minister national news Latest News