സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വിദഗ്ധമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തിലെ പ്രതികളെ 10 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കഞ്ചേരി പൊലീസ് ഇവരെ പിടികൂടിയത്.

author-image
Greeshma Rakesh
New Update
സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം; സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: വടക്കാഞ്ചേരിയിലെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയ കേസിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ് ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.വണ്ടാഴി കിഴക്കേത്തറ സ്വദേശി ഹരിദാസ്(29), മലമ്പുഴ കണയങ്കാവ് സ്വദേശി സന്തോഷ്(35) എന്നിവരാണ് അറസ്റ്റിലായത്.വിദഗ്ധമായി ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തിലെ പ്രതികളെ 10 മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വടക്കഞ്ചേരി പൊലീസ് ഇവരെ പിടികൂടിയത്.

പോലീസിന്റെ അന്വേഷണരീതിയെക്കുറിച്ചും സാങ്കേതികവിദ്യയെക്കുറിച്ചും ആഴത്തിൽ അറിവുണ്ടായിരുന്ന, സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന കെ.പി. ഹരിദാസാണ് മോഷണത്തിന്റെ സൂത്രധാരനെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.പെട്ടന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹമാണ് ഇയാളെ മോഷണത്തിന് ഇറങ്ങാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ് കണയങ്കാവ് സ്വദേശി സന്തോഷ്.

വടക്കഞ്ചേരിയിലെ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ നിന്ന് രണ്ട് തവണയാണ് ഇവർ മോഷണം നടത്തിയത്. കഴിഞ്ഞ വർഷം മാർച്ച് 11നും ജൂൺ 26 നുമായിരുന്നു മോഷണം. ആദ്യം രണ്ട് ലക്ഷത്തിലധികം രൂപയും, രണ്ടാം തവണ 1500 രൂപയുമാണ് കവർന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് ഭാര്യയെ വെട്ടിയ കേസിലെ പ്രതിയാണ്. പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി.

ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ, വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, വടക്കഞ്ചേരി എസ്.ഐ. ജീഷ്‌മോൻ വർഗീസ്, കൊല്ലങ്കോട് എസ്.ഐ. സുജിത്, ഗ്രേഡ് എസ്.ഐ.മാരായ കെ. പ്രസന്നൻ, സന്തോഷ്‌കുമാർ, എ.എസ്.ഐ.മാരായ ആർ. ദേവദാസ്, ആർ. അനന്തകൃഷ്ണൻ, സീനിയർ സി.പി.ഒ.മാരായ കെ. പ്രതീഷ്, റഷീദ്, സി.പി.ഒ.മാരായ റിനു മോഹൻ, വിനു, ഡ്രൈവർ ഇൻഷാദ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ.കെ. കൃഷ്ണദാസ്, ബ്ലസൺ ജോസ്, ദിലീപ് ഡി. നായർ, ദിലീപ് കുമാർ, യു. സൂരജ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്.

 

Theft vadakkencherry palakkad SupplyCo police arrest