/kalakaumudi/media/post_banners/8898e4287d302a47b0010f0706acca86ea868ad5bb79542cec2842ff8f7b6de4.jpg)
തിരുവനന്തപുരം: രാജ്യത്തിന്റെ ഭദ്രത സുസ്ഥിരമാക്കുന്നതില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും പങ്കുവലുതാണെന്ന് ശശി തരൂര്‍. ഭാരതത്തിന്റെ ഐക്യം വിവേചനം സൃഷ്ടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കാലം തിരസ്‌കരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്‍ത്തമാനകാല തൊഴില്‍ സാഹചര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ തൊഴിലാളികളും കര്‍ഷകരും യഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. സ്ഥാപനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കുന്നതില്‍ തൊഴിലാളികള്‍ ഭാഗമാകണം.
റോഡും തുറമുഖങ്ങളും വികസിക്കുമ്പോള്‍ തന്നെ മറ്റ് അടിസ്ഥാന മേഖലകളെ കൂടി സംരക്ഷിക്കാന്‍ സമഗ്ര വികസന നയം രൂപപ്പെടുത്തണമെന്നും ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന വിശാല വികസന പദ്ധതികള്‍ രൂപപ്പെടുത്തുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദിമേഖല മാത്രം ഉള്‍പ്പെടുന്നതാണ് ഭാരതം എന്ന ധാരണ ചിലര്‍ക്കുണ്ടെന്നും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുന:ക്രമീകരണത്തിലൂടെ ഹിന്ദി മേഖലയില്‍ നിന്നുമാത്രം പാര്‍ലമെന്റിലേക്ക് ഭൂരിപക്ഷമുണ്ടാക്കാമെന്ന വിശ്വാസത്തില്‍ ഭിന്നിപ്പും വെറുപ്പിക്കലുമായി മുന്നോട്ട് പോകുന്നവര്‍ ഇന്ത്യന്‍ ജനതയുടെ യഥാര്‍ത്ഥ കരുത്തും ദേശീയബോധവും മനസ്സിലാക്കാന്‍ അധികം വൈകില്ലെന്നും തരൂര്‍ പറഞ്ഞു.
ടെറുമോപെന്‍ പോള്‍ എംപ്ലോയീസ് കോണ്‍ഗ്രസിന്റെ (ഐഎന്‍ടിയുസി) ഇരുപത്തിയാറാം വാര്‍ഷിക സമ്മേളനം അധ്യാപക ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ മേഖലകളില്‍ മികവുതെളിയിച്ച തൊഴിലാളികളെയും ആരോഗ്യ പ്രവര്‍ത്തകരെയും ചടങ്ങില്‍ ഉപകാരങ്ങളും ക്യാഷ് അവാര്‍ഡും നല്‍കി. അസോസിയേഷന്‍ സെക്രട്ടറി എസ്.ഷംസുദ്ദീന്‍ ഭാരവാഹികളായ
ജോര്‍ജുകുട്ടി, എ.ഷമീര്‍, ഉണ്ണികൃഷ്ണന്‍, ശിവപ്രസാദ്, വിനു അസംബ്ലി,ഗിരീഷ് ആര്‍.എസ്സ്, ജാക്‌സണ്‍ ലാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.