ആശാരിപ്പണിക്കാരൻ ഷാജഹാൻ, കുടുംബത്തോടൊപ്പം താമസം, സംശയത്തിന് ഇടനൽകാതെയുള്ള പെരുമാറ്റം; സവാദിൻ്റെ ഒളിവുജീവിതം ഇങ്ങനെ

പേര് ഷാജഹാൻ, ജോലി ആശാരിപ്പണി, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസം. പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഒളിവു ജീവിതം ഇങ്ങനെയായിരുന്നു

author-image
Greeshma Rakesh
New Update
ആശാരിപ്പണിക്കാരൻ ഷാജഹാൻ, കുടുംബത്തോടൊപ്പം താമസം, സംശയത്തിന് ഇടനൽകാതെയുള്ള പെരുമാറ്റം; സവാദിൻ്റെ ഒളിവുജീവിതം ഇങ്ങനെ

 

കണ്ണൂർ: പേര് ഷാജഹാൻ, ജോലി ആശാരിപ്പണി, ഭാര്യയ്ക്കും മക്കൾക്കുമൊപ്പം താമസം. പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ  ഒന്നാം പ്രതി സവാദിന്റെ ഒളിവു ജീവിതം ഇങ്ങനെയായിരുന്നു.അതും ഒന്നും രണ്ടും വർഷമല്ല, സവാദ് എൻഐഎയുടെ കണ്ണിൽപ്പെടാതെ ജീവിച്ചത് 13 വർഷമാണ്.

പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലയിലാണ് ഇയാൾ താമസിച്ചു വന്നത്. കേസിൽ വിവിധ ഘട്ടത്തിൽ മറ്റു പ്രതികൾ പിടിക്കപ്പെട്ടപ്പോഴും ഒന്നാം പ്രതി ഒളിവിലായിരുന്നു. ആഴ്ചകളായി എൻഐഎ സംഘം മട്ടന്നൂരിലും പരിസരത്തും രഹസ്യാന്വേഷണം നടത്തിവരികയായിരുന്നു. 

ജനുവരി അവസാനത്തോടെ വീടിൻ്റെ എഗ്രിമെൻ്റ് അവസാനിക്കുന്നതിനാൽ സവാദ് പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നതായി വീട്ടുടമ അറിയിച്ചിട്ടുണ്ട്.

ഇവിടുത്തെ ഒളിവുജീവിതം മതിയാക്കി മറ്റൊരു സ്ഥലത്തേക്ക് ചേക്കേറാനിരിക്കെയാണ് എൻഐഎ പിടികൂടുന്നത്. മുൻപ് വിളക്കോട് ആണ് താമസിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞത്. കാസർകോട് നിന്നാണ് സവാദ് വിവാഹം കഴിച്ചത്. സവാദ് പ്രതിയാണെന്ന് ഇപ്പോഴാണ് അറിയാൻ കഴിഞ്ഞതെന്നാണ് ഭാര്യ പറയുന്നതെന്നും അയൽവാസി പറഞ്ഞു.

നല്ല പെരുമാറ്റവും  മാധ്യമങ്ങളിൽ വന്ന ഫോട്ടോയും ഇപ്പോഴത്തെ സവാദിൻ്റെ മുഖവും തമ്മിലുള്ള സാമ്യവുമാണ് സവാദിനെ ഇത്രയും നാൾ രക്ഷപ്പെടുത്തിയത്.സവാദാണ് ഇത്രയും വർഷം തങ്ങളിലൊരാളായി ജീവിച്ചതിന്റെ ഞെട്ടലിലാണ് അയൽവാസികളും.വർഷങ്ങളായി തങ്ങളെ കബളിപ്പിക്കുന്ന സവാദിനായി എൻഐഎ ദിവസങ്ങൾക്കു മുൻപേ കണ്ണൂർ വിമാനത്താവളം വഴി മട്ടന്നൂരിലെത്തി ക്യാംപ് ചെയ്തിരുന്നതായാണ് വിവരം. രണ്ടു ദിവസം മുൻപു പുലർച്ചെ മട്ടന്നൂ‍ർ പരിയാരം ബേരത്തിനടുത്ത് വാടകവീട്ടിൽ നിന്നാണ് എൻഐഎ സംഘം ഇയാളെ അറസ്റ്റു ചെയ്തത്.

2010 മാർച്ച് 23നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, നാസർ, നജീബ് എന്നിവർക്ക് കൊച്ചി എൻഐഎ കോടതി ജീവപര്യന്തം തടവ് ശിക്ഷയും ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻകുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്ക് മൂന്നുവർഷം തടവും വിധിച്ചിരുന്നു. മറ്റു പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റുചെയ്ത് വെവ്വേറെ കുറ്റപത്രം സമർപ്പിച്ചായിരുന്നു എൻഐഎ വിചാരണ പൂർത്തിയാക്കിയത്.

 

 

tj joseph hand choped case NIA savad