
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജന്മദിനം സാന്ത്വന ദിനമായി ആചരിക്കും. 80 ാം ജന്മദിനത്തോടനുബന്ധിച്ച് ജന്മനാടായ പുതുപ്പള്ളിയിലും കര്‍മ മണ്ഡലമായിരുന്ന തിരുവനന്തപുരത്തും ഒട്ടേറെ സാന്ത്വന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍ അറിയിച്ചു.
ഇന്ന് പുതുപ്പള്ളി പള്ളിയില്‍ പ്രത്യേക കുര്‍ബാന നടക്കും. പുതുപ്പള്ളി മണ്ഡലത്തില്‍ ഉപയോഗിക്കാനുള്ള ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്യും. 'ഒസി ആശ്രയ സേന' എന്ന പേരില്‍ 1001 വൊളന്റിയര്‍മാരുടെ കര്‍മസേനയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സര്‍വമത പ്രാര്‍ത്ഥനയും അനുസ്മരണ സമ്മേളനവും നടക്കും. സേവന പ്രവര്‍ത്തനത്തിനായി ഉമ്മന്‍ ചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിന്റെ ഓഫിസ് മന്ദിരത്തിന് ഇന്ന് അകലക്കുന്നില്‍ ശിലയിടും. മണ്ഡലത്തിലെ എല്ലാ അനാഥമന്ദിരങ്ങളിലും ഭക്ഷണം നല്‍കും. വൈകിട്ട് 3.30നു കല്ലറയില്‍ പ്രാര്‍ത്ഥനയുമുണ്ടായിരിക്കും.
തിരുവനന്തപുരത്ത് നടക്കുന്ന ജന്മദിനപരിപാടികളില്‍ ഭാര്യ മറിയാമ്മയും മകള്‍ മറിയയും പങ്കെടുക്കും. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ 'ഉമ്മന്‍ ചാണ്ടി കള്‍ചറല്‍ ഫോറ'ത്തിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായവിതരണമുണ്ടാകും. കണിയാപുരം കലാനികേതനും അബുദാബിയിലെ ഇന്ദിരാഗാന്ധി വീക്ഷണം ഫോറവും ചേര്‍ന്നു 30 കാന്‍സര്‍ രോഗികള്‍ക്ക് ആകെ 2 ലക്ഷം രൂപയുടെ ചികിത്സാ സഹായം പുതുപ്പള്ളി ഹൗസില്‍ വച്ചു നല്‍കും.
'സ്‌നേഹം പ്രപഞ്ചത്തോളം' എന്ന പരിപാടിയില്‍ മറിയാമ്മ ഉമ്മന്‍ ചാണ്ടി ചികിത്സാ സഹായം നല്‍കും. 2016 മുതല്‍ തിരുവോണം കാന്‍സര്‍ രോഗികള്‍ക്കൊപ്പമായിരുന്നു ഉമ്മന്‍ ചാണ്ടി ചെലവിട്ടത്. കെപിസിസിയിലെ അനുസ്മരണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ പുസ്തകശേഖരം അടങ്ങിയ 'ഉമ്മന്‍ ചാണ്ടി ബുക്ക് ഗാലറി' ഉദ്ഘാടനം ചെയ്യും. ഡിസിസികളും പോഷക സംഘടനകളും സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.