/kalakaumudi/media/post_banners/76b6c7136acd9f112ddeedfee4187c1bde62c918a843a1752ead96ec6315fca5.jpg)
കോഴിക്കോട്: വിജയദശമി നാളില്‍ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍.വിദ്യാദേവതയായ സതസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും.
നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, ആദ്യക്ഷരം കുറിക്കാനായി എത്തിയ കുരുന്നുകളുടേയും ഭക്തജനങ്ങളുടേയും വന്‍തിരക്കാണ് ക്ഷേത്രങ്ങളിലെല്ലാം. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍ നടക്കുന്നത്.
ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ എത്തിയിട്ടുള്ളത്. പുലര്‍ച്ചെ അഞ്ചുമുതല്‍ വിദ്യാരംഭം തുടങ്ങി. ഉച്ചപൂജയോടെ കൊല്ലൂരില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ അവസാനിക്കും.
ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതി ദേവീ ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രമെന്ന പ്രത്യേകതയും പനച്ചിക്കാടിനുണ്ട്.
അതെസമയം തിരുവനന്തപുരം പൂജപ്പുര സ്വരസ്വതി മണ്ഡപം, ആറ്റുകാല്‍ ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂര്‍ ദക്ഷിണമൂകാംബി എന്നിവിടങ്ങളിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.തിരുവനന്തപുരത്ത് 800-ഓളം കുട്ടികളെ നവരാത്രിമണ്ഡപത്തിലും 2000-ത്തോളം പേരെ പൂജപ്പുര സരസ്വതീമണ്ഡപത്തിലും എഴുത്തിനിരുത്തും.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാസന്റെ നടയിലാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. ആറ്റുകാല്‍ ഭഗവതിക്ഷേത്രം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഗാന്ധാരിഅമ്മന്‍ കോവില്‍, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കുന്നുണ്ട്.
അതെസമയം നഗരത്തിനു പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറംമഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശ്ശാല മഹാദേവക്ഷേത്രം, വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളിക്ഷേത്രം, മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
ചരിത്രവും ഐതിഹ്യങ്ങളും വിശ്വാസവും ഒക്കെ മാറ്റി നിർത്തിയാൽ വിജയദശമിക്ക് കേരളത്തിൽ മതേതരമായ സ്വീകാര്യതയുണ്ട്.ജാതിമത ഭേദമന്യേ കുരുന്നുകളെ ഈ ദിനം എഴുത്തിനിരുത്തുന്നു. ഒരു മതത്തെയോ ദൈവത്തെയോ ആഘോഷിക്കുന്നതിനുമപ്പുറം ഈ ദിനത്തിന്‍റെ പവിത്രതയെ ആഘോഷിക്കുകയാണ് കേരളം.