/kalakaumudi/media/post_banners/2dcd55cc2791b44aa6b0c4900ae5108444202b3a396b4ea8e6f6ea27982f3e04.jpg)
കോഴിക്കോട് : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കഴിഞ്ഞദിവസം ഹൈക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിപിഎം നേതാക്കൾ കീഴടങ്ങി. പത്താം പ്രതി കെ കെ കൃഷ്ണൻ, പന്ത്രണ്ടാം പ്രതി ജ്യോതിബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിൽ എത്തി കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു. ശാരീരിക അവശത നേരിടുന്ന ജ്യോതിബാബു ആംബുലൻസിലാണ് കോടതിയിൽ എത്തിയത്.
കേസിൽ നേരത്തെ, വിചാരണ കോടതി ഇരുവരേയും വെറുതേവിട്ടിരുന്നു. എന്നാൽ,ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎൽഎ ഉൾപ്പെടെ നൽകിയ പുനപ്പരിശോധന ഹർജികൾ പരിശോധിച്ചാണ് ഇവരെ വെറുതേവിട്ട വിധി ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയത്. കെ കെ കൃഷ്ണനും ജ്യോതി ബാബുവും 26ന് കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ, അതിനുമുൻപുതന്നെ ഇവർ കീഴടങ്ങുകയായിരുന്നു. അതെസമയം സിപിഎം നേതാവ് കുഞ്ഞനന്ദനെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവച്ചിരുന്നു.
ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ കെ രമയും നൽകിയ അപ്പീലുകൾ പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി.
എഫ്‌ഐആറിൽ കൃത്യമായി എത്ര പ്രതികളുണ്ടെന്ന് പറയുന്നില്ലെന്നും, പലരെയും കേസിൽ പ്രതി ചേർത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും സിപിഎം നേതാവും നിലവിൽ കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനനെ അടക്കം വെറുതെവിട്ട നടപടി റദ്ദാക്കണമെന്നാണ് കെ കെ രമ എം എൽ എയുടെ ആവശ്യം.
എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, പി കെ കുഞ്ഞനന്തൻ (മരിച്ചു) , വായപ്പടച്ചി റഫീഖ് ലംബു പ്രദീപൻ (3 വർഷം തടവ്) എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.
2012 മേയ് 4നാണ് ആർ എം പി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. സി പി എം വിട്ട് ഒഞ്ചിയത്ത് ആർ എം പി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സി പി എമ്മുകാരായ പ്രതികൾ ഗൂഢാലോചന നടത്തി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.