ട്രിബ്യൂണല്‍ വിധി ലംഘിച്ച് വിദ്യാഭ്യാസ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം; ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിക്കാന്‍ ശ്രമം

By Web Desk.24 11 2023

imran-azhar

 

 


ശ്യാം കൊപ്പറമ്പില്‍

 


കൊച്ചി: വിദ്യാഭ്യാസ വകുപ്പില്‍ ട്രിബ്യൂണല്‍ വിധി ലംഘിച്ച് കൂട്ട സ്ഥലം മാറ്റം. പൊതു വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഉള്‍പ്പടെ 153 ജീവനക്കാരെ ഒറ്റയടിക്ക് മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാരുടെ പ്രതിഷേധം.
സ്ഥലം മാറ്റം ഓണ്‍ലൈന്‍ വഴിയാക്കാന്‍ ജീവനക്കാര്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് ആറുമാസം മുന്‍പ് ഉത്തരവുമായി. ഈ ഉത്തരവ് എന്‍.ജി.ഒ യൂണിയന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചതായാണ് ആരോപണം.

 

ആഴ്ചകള്‍ക്ക് മുമ്പ് സ്ഥലം മാറ്റ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചിരുന്നെങ്കിലും അവസാന ഉത്തരവില്‍ അതിനെ മാറ്റിമറിച്ചതാണ് വിവാദമായത്. ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക് തുടങ്ങിയ തസ്തികയില്‍ 86 പേരെ സ്ഥലം മാറ്റിയപ്പോള്‍ ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പടെയുള്ള തസ്തികയില്‍ 29 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. ഹെഡ് ക്ലാര്‍ക്ക് തസ്തികയില്‍ 07 പേര്‍ക്കാണ് സ്ഥാന കയറ്റം ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് 153 പേര്‍ക്കാണ് കസേര മാറേണ്ടിവന്നത്.

 

സ്ഥലം മാറ്റം (സീനിയര്‍ സൂപ്രണ്ട്)

 

കൊല്ലം 03,
കോട്ടയം 01,
ഇടുക്കി 01,
എറണാകുളം 04
തൃശൂര്‍ 03,
പാലക്കാട് 02,
മലപ്പുറം 05
കോഴിക്കോട് 05,
കണ്ണൂര്‍ 04,
കാസര്‍ഗോഡ് 03

 

ആകെ 31

 

പൊതു സ്ഥലംമാറ്റത്തിനായി സര്‍ക്കാര്‍ പുറപെടുവിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇഷ്ടക്കാരെ തിരുകി കയറ്റി സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയത്. ജൂനിയര്‍ സൂപ്രണ്ട് മുതല്‍ മുകളിലേക്കുള്ളവരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കാനാണ് ഉത്തരവ്. ജില്ലയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

 

ഇപ്പോഴത്തെ ഉത്തരവ് എന്‍.ജി.ഒ യൂണിയനുകളില്‍പ്പെട്ടവരെ സഹായിക്കാനാണെന്നും ജീവനക്കാര്‍ പറയുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് എന്‍.ജി.ഒ. യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരെ ഒരേ ഓഫീസില്‍ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആക്ഷേപം ഉണ്ട്. സര്‍ക്കാര്‍ ബോധപൂര്‍വം ഓണ്‍ലൈന്‍ വഴിയുള്ള സ്ഥലം മാറ്റം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ജീവനക്കാര്‍ പറയുന്നു. സോഫ്റ്റ്വെയറിലേ അപാകതകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തെയ്യാറാവുന്നില്ലെന്നാണ് ആരോപണം.

 

 

 

 

 

OTHER SECTIONS