/kalakaumudi/media/post_banners/45cec274052cf1bc15efb3fedeede2cfdaf9423fecbbff7a57eda513c164a23f.jpg)
മാനന്തവാടി: മാനിനെ കെണി വച്ച് പിടികൂടി കൊന്ന് പാചകം ചെയ്യാന്‍ ശ്രമം. സംഭവത്തില്‍ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. താഴെ കുറുക്കന്‍ മൂല ചേങ്ങോത്ത്, കളപുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികളായ കളപ്പുരക്കല്‍ കുര്യന്‍ എന്ന റെജി, വനം വകുപ്പ് താത്ക്കാലിക വാച്ചര്‍ ചന്ദ്രന്‍ എന്നിവര്‍ ഓടി രക്ഷപ്പെട്ടു.
കല്‍പ്പറ്റ ഫ്‌ളയിങ്ങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേഗുര്‍ റെയ്ഞ്ചിലെ തൃശ്ശിലേരി സെക്ഷന്‍ വനം വകുപ്പ് ജീവനക്കാര്‍ തോമസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഏകദേശം അഞ്ചു വയസ് പ്രായമുള്ള പുള്ളി മാനിന്റെ 56 കിലോയോളം ഇറച്ചിയും കശാപ്പ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്.
താഴെ കുറുക്കന്‍മൂലയില്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ വനത്തിലാണ് കെണി വച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മാന്‍ കുടുങ്ങിയത്.
കൂട്ട് പ്രതികളായ തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെ താല്‍ക്കാലിക ജീവനക്കാരനായ ചന്ദ്രന്‍, കുര്യന്‍ എന്ന റെജി എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി ബേഗുര്‍ റെയ്ഞ്ച് ഓഫീസര്‍ രാകേഷ് പറഞ്ഞു.
തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍, പ്രൊബേഷന്‍ റെയിഞ്ച് ഓഫീസര്‍ സനൂപ് കൃഷ്ണന്‍, ബി എഫ് ഒമാരായ ശരണ്യ, നവീന്‍, വാച്ചര്‍മാരായ നന്ദന്‍, രാജേഷ്, അറുമുഖന്‍ എന്നിവരടങ്ങിയ സംഘമാണ് മാനിറച്ചി പിടികൂടിയത്. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.