ചെന്നൈ: ചെന്നൈയിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് രണ്ട് ഡോക്ടർമാർ. മദ്രാസ് മെഡിക്കൽ കോളേജിലെ (എംഎംസി) സൂപ്പർ സ്പെഷ്യാലിറ്റി ബിരുദാനന്തര ബിരുദധാരിയായ ഡോ.മരുതുപാണ്ഡ്യൻ, ചെന്നൈയിലെ അയനാവരത്തെ ഇഎസ്‌ഐ ആശുപത്രിയിലെ ഡോ. സോലൈസാമി എന്നിവരാണ് മരിച്ചത്.
അമിത ജോലി ഭാരമാണ് മരണത്തിന് കാരണമെന്നാണ് ആരോപണം. രണ്ട് ഡോക്ടർമാരും അമിത ജോലി ചെയ്തിരുന്നതായും 24 മണിക്കൂർ നീണ്ട ജോലി ഷിഫ്റ്റിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് മരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഡിസംബർ 10 ഞായറാഴ്ചയാണ് ഡോ.മരുതുപാണ്ഡ്യൻ താമസസ്ഥലത്തും,ഡോ. സോലൈസാമിയെ ഡിസംബർ 11 തിങ്കളാഴ്ച വീടിനുള്ളിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ഡോക്ടർമാർക്കും അമിത ജോലിയുണ്ടായിരുന്നെന്നും കടുത്ത സമ്മർദത്തിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായെന്നും ഡോക്‌ടേഴ്‌സ് അസോസിയേഷൻ ഫോർ സോഷ്യൽ ഇക്വാലിറ്റി (DASE) സെക്രട്ടറി ഡോ.ശാന്തി എ.ആർ പറഞ്ഞു.
ആശുപത്രികളിൽ ജീവനക്കാരില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് അമിത ജോലിയുണ്ടായത്. മദ്രാസ് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ഡോക്ടർ മരുതുപാണ്ഡ്യനെ ആശുപത്രിയിൽ ഡാറ്റാ ഓപ്പറേഷൻ ജോലി കൂടി ഏൽപ്പിച്ചത്. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും ചൂഷണം തടയാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് DASE-ൽ നിന്നുള്ള ഡോ.രവീന്ദ്രനാഥ് ജി.ആർ ആവശ്യപ്പെട്ടു.
2023 ഒക്‌ടോബറിൽ, തമിഴ്‌നാടിന്റെ ആരോഗ്യ സൂചിക റാങ്ക് നിലനിർത്താൻ ഡോക്ടർമാർ പാടുപെടുന്നത് എങ്ങനെയെന്ന് ടിഎൻഎം റിപ്പോർട്ട് ചെയ്‌തിരുന്നു. നീണ്ട ജോലി സമയം, ജോലിഭാരത്തിലെ വർദ്ധനവ്, ജീവനക്കാരില്ലാത്ത ആശുപത്രികൾ, വേണ്ടത്ര ജീവനക്കാരില്ലാത്ത മെഡിക്കൽ കോളേജുകൾ എന്നിവ ഡോക്ടർമാരിൽ കടുത്ത സമ്മർദ്ദത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ ചൂണ്ടികാട്ടി.