'ശ്രീരാമൻ തങ്ങളുടെ പൂർവ്വികൻ'; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി രാമജ്യോതി കൊണ്ടുവരുന്നത് 2 മുസ്ലിം വനിതകൾ

ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

author-image
Greeshma Rakesh
New Update
'ശ്രീരാമൻ തങ്ങളുടെ പൂർവ്വികൻ'; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കായി രാമജ്യോതി കൊണ്ടുവരുന്നത്  2 മുസ്ലിം വനിതകൾ

അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍നിന്ന് കാശിയിലേക്ക്’രാംജ്യോതി’ കൊണ്ടുവരുന്നത് രണ്ടു മുസ്ലീം സ്ത്രീകള്‍.വാരണാസിയിൽ നിന്നുള്ള നസ്‌നീൻ അൻസാരിയും നജ്മ പർവിനുമാണ് ദീപം അയോധ്യയിലേക്ക് കൊണ്ടുവരുന്നത്.ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോട്ട് ചെയ്തത്.

ഭഗവാൻ ശ്രീരാമൻ എല്ലാവരുടെയും പൂർവ്വികനാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ഇന്ത്യക്കാരും ഒരുപോലെയാണെന്നും ഇവർ പറയുന്നു.ദീപവുമായി ഇവരുടെ അയോധ്യയിലേക്കുള്ള യാത്ര കാശിയിലെ ഡോംരാജ് ഓം ചൗധരിയും പാടൽപുരി മഠത്തിലെ മഹന്ത് ബാലക് ദാസും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തു.അയോധ്യയിലെ മണ്ണും സരയുവിലെ പുണ്യജലവും കാശിയിലേക്ക് കൊണ്ടുവരും.

 

മഹന്ത് ശംഭു ദേവാചാര്യ അയോധ്യയിൽ വെച്ച് അവർക്ക് രാംജ്യോതി കൈമാറി. ശനിയാഴ്ച രാംജ്യോതിയുമായി സ്ത്രീകൾ യാത്ര തുടങ്ങി.തിരിച്ച് വരുമ്പോൾ വാരണാസിയിലും ജൗൻപൂരിലും രാംജ്യോതിക്ക് സ്വീകരണം നൽകും. ഞായറാഴ്ച വാരണാസിയിലെ മുസ്ലീം സമൂഹം രാംജ്യോതിയെ ലമാഹി ഗ്രാമത്തിലെ സുഭാഷ് ഭവനിലേക്ക് സ്വാഗതം ചെയ്യും. റോസ, അഫ്രോസ്, തസീം എന്നിവരും രണ്ട് സ്ത്രീകളെ യാത്രയിൽ അനുഗമിച്ചിട്ടുണ്ട്. അതെസമയം രാംജ്യോതിയുടെ വിതരണം ജനുവരി 21ന് ആരംഭിക്കും.

നജ്മ ബിഎച്ച്‌യുവിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പിഎച്ച്ഡി ചെയ്തിട്ടുണ്ട്. 17 വർഷമായി അവൾ രാമഭക്തയാണ്. നസ്നീനും നജ്മയും മുത്തലാഖിനെതിരെ പോരാടിയിട്ടുണ്ട്. 2006ൽ സങ്കത് മോചൻ ക്ഷേത്രത്തിൽ ഭീകരർ ബോംബിട്ടപ്പോൾ ഇരുവരും 70 മുസ്ലീം സ്ത്രീകളുമായി ക്ഷേത്രത്തിൽ പോയി ഹനുമാൻ ചാലിസ ചൊല്ലി സാമുദായിക സൗഹാർദത്തിനായി ശ്രമിച്ചു. അന്നുമുതൽ, രാമനവമിയിലും ദീപാവലിയിലും നൂറുകണക്കിന് മുസ്ലീം സ്ത്രീകളോടൊപ്പം ശ്രീരാമ ആരതി നടത്തുകയാണ്.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിൽ സന്തോഷമുണ്ടെന്നും നസ്നീനും നജ്മയുംപറഞ്ഞു. രാമൻ നമ്മുടെ പൂർവ്വികനാണ്. ഒരു വ്യക്തിക്ക് അവന്റെ മതം മാറാം, പക്ഷേ പൂർവ്വികനെ മാറ്റാൻ കഴിയില്ല. മക്ക മുസ്ലീങ്ങൾക്കുള്ളത് പോലെ, അയോധ്യ ഹിന്ദുക്കൾക്കും ഇന്ത്യൻ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കും ഒരു പുണ്യസ്ഥലമാണ്.- ഇരുവരും പറഞ്ഞു.

അതിനിടെ, മുംബൈയിൽ നിന്നുള്ള ഒരു മുസ്ലീം യുവതി രാമക്ഷേത്രം സന്ദർശിക്കാൻ കാൽനടയായി പുറപ്പെട്ടു. 1425 കിലോമീറ്റർ താണ്ടി അയോധ്യയിലെത്തുമെന്ന് ശബ്‌നം ഷെയ്ഖ് അറിയിച്ചു. ഒരു ദിവസം 25 മുതൽ 30 കിലോമീറ്റർ വരെയാണ് സഞ്ചരിക്കുന്നത്. ഡിസംബർ 21-നാണ് യാത്ര അരംഭിച്ചത്. രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ടതില്ലെന്ന് ശബ്‌നം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു മുന്നോടിയായി രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹം ആയിരിക്കുമെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്.ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേദിവസം പ്രതിഷ്ഠിക്കും.

 

kashi Ayodhya india ayodhya ram temple BJP