/kalakaumudi/media/post_banners/1d774e5441c029a9bfa8242db28df1321101928f8b601a155a979def2cc5b431.jpg)
കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ എസ്എഫ്‌ഐ കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണും യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാനും കീഴടങ്ങി. കല്‍പറ്റ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് കീഴടങ്ങിയ ഇവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തും. കേസില്‍ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ആത്മഹത്യാപ്രേരണ, റാഗിങ്, മര്‍ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എസ്എഫ്‌ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്. അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാന്‍ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആര്‍.ഡി. ശ്രീഹരി, തൊടുപുഴ സ്വദേശി ഡോണ്‍സ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബില്‍ഗേറ്റ്‌സ് ജോഷ്വ (23) എന്നിവരാണ് നേരത്തെ പിടിയിലായത്.
സിദ്ധാര്‍ഥന്റെ മരണം പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. വയനാട് എസ്പിക്കാണ് മേല്‍നോട്ടം. കല്‍പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഒരു ഡിവൈഎസ്പി കൂടി പ്രത്യേകസംഘത്തില്‍ ഉള്‍പ്പെടും.
കേസില്‍ പ്രധാന പ്രതി അഖിലിനെ പാലക്കാട് നിന്നു പൊലീസ് പിടികൂടിയിരുന്നു. കൂടാതെ വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റലില്‍നിന്ന് 8 പേരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയും ഇവരില്‍ 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇസ്ഹാന്‍, കോളജ് യൂണിയന്‍ പ്രസിഡന്റ് കെ.അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരടക്കം 11 പേര്‍ ഒളിവിലായിരുന്നു.