/kalakaumudi/media/post_banners/ec0fe3aad6fb8b7b1f2714e29884d953be82376349975a68c28f5237fd8ef2d2.jpg)
ബെംഗളൂരു: ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ 4 പേരെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി അറസ്റ്റില്‍. പ്രവീണ്‍ അരുണ്‍ ചഗ്ലയാണ് (28) അറസ്റ്റിലായത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ 28 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കെമ്മണ്ണ് തൃപ്തി ലേഔട്ടില്‍ ഹസീന (48), മക്കളായ അഫ്‌നാന്‍ (23), അയ്‌നാസ് (21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെയായിരുന്നു കൊലപാതകം നടന്നത്. എയര്‍ഹോസ്റ്റസായ അയ്‌നാസ് പ്രണയം നിഷേധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
പ്രണയത്തില്‍ നിന്ന് പിന്‍മാറിയതാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ തമ്മില്‍ ചില സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും സൂചനയുണ്ട്. അയ്‌നാസും പ്രവീണും നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
എന്നാല്‍ കൊലപാതകത്തിന് ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അയ്‌നാസിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്.
അയ്‌നാസിനെ കൊലപ്പെടുത്താന്‍ മാത്രമാണ് പ്രവീണ്‍ ലക്ഷ്യമിട്ടിരുന്നതെന്നും മറ്റുള്ളവര്‍ തടസ്സപ്പെടുത്തിയതാണ് ഇവരുടെ കൊലപാതകത്തിനും വഴിയൊരുക്കിയതെന്നും ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ പറഞ്ഞു.
ഹസീനയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിരുന്നെങ്കിലും ഇവരുടെ നില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു.