ചരിത്രപരം; ഉള്‍ഫയുമായി സമാധാന കരാര്‍; മോദിയുടെ മിടുക്കെന്ന് അമിത് ഷാ

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനത്തിന് വഴിതെളിയുന്നു. കേന്ദ്ര സര്‍ക്കാര്‍, അസം സര്‍ക്കാര്‍, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) എന്നിവരാണ് പുതിയ ത്രികക്ഷി കരാറില്‍ ഒപ്പിട്ടത്.

author-image
Web Desk
New Update
ചരിത്രപരം; ഉള്‍ഫയുമായി സമാധാന കരാര്‍; മോദിയുടെ മിടുക്കെന്ന് അമിത് ഷാ

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനത്തിന് വഴിതെളിയുന്നു. കേന്ദ്ര സര്‍ക്കാര്‍, അസം സര്‍ക്കാര്‍, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) എന്നിവരാണ് പുതിയ ത്രികക്ഷി കരാറില്‍ ഒപ്പിട്ടത്. അനധികൃത കുടിയേറ്റം, തദ്ദേശീയ വിഭാഗങ്ങള്‍ക്ക് ഭൂസ്വത്തിലുള്ള അവകാശം, അസമിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് എന്നിവ കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ സഹായിച്ചു.

ഉള്‍ഫയുടെ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സംഘടന എന്ന നിലയില്‍ ഉള്‍ഫയെ പിരിച്ചുവിടും. ഉള്‍ഫ നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം മാനിക്കും. വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം ഉറപ്പുവരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിടുക്കാണ്. അമിത് ഷാ പറഞ്ഞു.

നേരത്തെ ഉള്‍ഫ തീവ്രവാദത്തെ ചെറുക്കുന്നതിനായി 1990 നവംബര്‍ 27ന് അസമില്‍ ഏര്‍പ്പെടുത്തിയ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം (അഫ്‌സ്പ) 2019-ല്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

അസമിലും സമീപത്തെ ഭൂട്ടാന്‍ അതിര്‍ത്തികളിലുമായി പ്രവര്‍ത്തിക്കുന്ന നിരോധിത വിഘടനവാദി സംഘടനയാണ് 'ഉള്‍ഫ' (യുണൈറ്റഡ് ലിബറേറ്റഡ് ഫ്രണ്ട് ഓഫ് അസം). 1979 ഏപ്രില്‍ ഏഴിനു പരേഷ് ബറുവ രൂപീകരിച്ചതാണ് ഈ സംഘടന. അസമിനെ ഇന്ത്യയില്‍ നിന്നു മോചിപ്പിച്ച് ഒരു സ്വതന്ത്ര രാജ്യമാക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. എന്നാല്‍, നിലവില്‍ ഇതേ പരേഷ് ബറുവ നയിക്കുന്ന ഉള്‍ഫ സ്വതന്ത്ര വിഭാഗം മാത്രമാണ് ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത്.

india assam narendra modi ulfa