/kalakaumudi/media/post_banners/1f2f255601c32e041fcb6ff2f736d5e90f5bf1fdd4347e1d06be696ee839ab06.jpg)
വാഷിംഗ്ടൺ:ചൈനയുടെ സൈനിക നീക്കങ്ങൾക്കെതിരെ രൂപീകരിച്ച ക്വാഡ് സഖ്യത്തിന് പിന്തുണയുമായി യുഎസ് കോൺഗ്രസ്.യുഎസ്-ഇന്ത്യ-ഓസ്‌ട്രേലിയ-ജപ്പാൻ ഉൾപ്പെടുന്ന സഖ്യത്തെ പിന്തുണയ്‌ക്കാനും ഭാവി നീക്കങ്ങൾ ആസൂത്രണം ചെയ്യാനും നിർദ്ദേശിക്കുന്ന ‘ക്വാഡ് ബിൽ’ അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി.
39 നെതിരെ 379 വോട്ടുകൾക്കാണ് ബിൽ പാസായത്. നാല് രാജ്യങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം സുഗമമാക്കുന്നതിനുൾപ്പെടെയുള്ളതാണ് ബിൽ. ഇന്ത്യ അടക്കമുള്ള സഖ്യരാജ്യങ്ങൾക്ക് സാമ്പത്തിക രംഗത്തിലടക്കം കൂടുതൽ പരിഗണന നൽകാൻ ബിൽ നിർദ്ദേശിക്കുന്നു.വിവിധ മേഖലകളിൽ എത്തരത്തിൽ സഖ്യരാജ്യങ്ങളുമായി സഹകരിക്കണം എന്ന കാര്യത്തിൽ വിശദമായി വിലയിരുത്താനും ബില്ലിൽ ചൂട്ടിക്കിട്ടിരിക്കുന്നു.
സഖ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കാനും ഇതിനായുള്ള റോഡ് മാപ്പ് തയ്യാറാക്കി സമർപ്പിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ബില്ലിൽ നിർദ്ദേശിക്കുന്നു. ഇന്തോ- പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കാൻ നിർദ്ദേശിക്കുന്ന ബിൽ ഇന്ത്യയ്ക്ക് അടക്കം കൂടുതൽ പരിഗണന നൽകണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
കൃത്യമായ അജണ്ട മുൻ നിർത്തി നീങ്ങാനാണ് ബൈഡൻ ഭരണകൂടത്തിന് ജനപ്രതിനിധി സഭ നൽകിയിരിക്കുന്ന നിർദ്ദേശം.സഖ്യ രാജ്യങ്ങളുമായി ഒരുമിച്ച് വിവിധ മേഖലകളിൽ ഗവേഷണം, സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ സഹകരണം, സാമ്പത്തിക സഹകരണം വർധിപ്പിക്കൽ എന്നീ കാര്യങ്ങളിൽ ശ്രദ്ധചെലുത്താനും ജനപ്രതിനിധി സഭ നിർദ്ദേശിച്ചിരിക്കുന്നു.
ഇന്തോ-പസഫിക് മേഖലയിൽ ചൈന ഉയർത്തുന്ന വെല്ലുവിളിക്ക് മറുപടിയായാണ് ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് 2017 ൽ ക്വാഡ് സഖ്യം രൂപീകരിച്ചത്. 2021 സഖ്യത്തിന്റെ ആദ്യ യോഗവും ചേർന്നു. ദക്ഷിണ ചൈന കടലിലടക്കം മേൽക്കോയ്മ നേടാൻ ചൈന നടത്തുന്ന സൈനിക, സാമ്പത്തിക നീക്കങ്ങളെ ചെറുക്കുക എന്നതാണ് ക്വാഡ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
