യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ബൈഡനും ട്രംപും

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

author-image
anu
New Update
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ബൈഡനും ട്രംപും

 

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശത്തിനുള്ള മതിയായ പ്രതിനിധികളുടെ പിന്തുണ ചൊവ്വാഴ്ച രാത്രിയോടെ ട്രംപ് നേടി.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബൈഡന് കാര്യമായ എതിരാളികളില്ലായിരുന്നു. നോമിനേഷന്‍ വിജയിക്കാന്‍ 1,968 ഡെലിഗേറ്റുകള്‍ ആവശ്യമായിരുന്ന ബൈഡന്‍ ജോര്‍ജിയയിലെ പ്രാഥമിക മത്സരത്തില്‍ വിജയിച്ചു. 2,015 ഡെലിഗേറ്റുകളുടെ പിന്തുണ ബൈഡന്‍ ഉറപ്പിച്ചു. മിസിസിപ്പി, വാഷിങ്ടണ്‍, വടക്കന്‍ മരിയാന ദ്വീപുകള്‍ എന്നിവിടങ്ങളില്‍ സമാനമായ ഫലങ്ങള്‍ ബൈഡന്റെ ക്യാംപ് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, ഒരു പോണ്‍ താരത്തിന് പണം നല്‍കിയതു മറച്ചുവയ്ക്കാന്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായ 77കാരനായ ട്രംപ്, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടതിയില്‍ ഹാജരാകും. 2020ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ 91 കുറ്റങ്ങളാണ് ട്രംപ് നേരിടുന്നത്. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക അമേരിക്കന്‍ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി, കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് എന്നിവയാണ് 81കാരനായ ബൈഡന്‍ നേരിടുന്ന വെല്ലുവിളികള്‍. അടുത്തിടെ ജോര്‍ജിയയിലെ നഴ്സിങ് വിദ്യാര്‍ത്ഥിയായ ലേക്കന്‍ റൈലിയെ അനധികൃത കുടിയേറ്റക്കാരന്‍ കൊലപ്പെടുത്തിയതും ഇരു കക്ഷികളും തമ്മിലുള്ള വാക്‌പോരിനു കാരണമായി.

america trump biden presidential election