സില്‍ക്യാര രക്ഷാദൗത്യം: നെഞ്ചിടിപ്പിക്കുന്ന അവസാന നിമിഷങ്ങള്‍, ഒടുവില്‍ ആഹ്ലാദം!

By Web Desk.28 11 2023

imran-azhar

 

 

ന്യൂഡല്‍ഹി: കഴിഞ്ഞ 17 ദിവസങ്ങളായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ മരണത്തെ മുഖാമുഖം കണ്ട 41 തൊഴിലാളികള്‍ വീണ്ടും ജീവിതത്തിലേക്ക്. രാജ്യത്തിന്റെയാകെ പ്രാര്‍ത്ഥനയ്ക്ക് ഫലം നേടി തുരങ്കത്തിലെ രക്ഷാദൗത്യം വിജയം കണ്ടു. ദൗത്യസംഘം 41 പേരെയും പുറത്തെത്തിച്ചത്.

 

അഞ്ച് എന്‍.ഡി.ആര്‍.എഫ് അംഗങ്ങളാണ് ആദ്യം രക്ഷാ പൈപ്പ് വഴി തുരങ്കത്തിന് അകത്തേക്ക് പ്രവേശിച്ചത്. ഇത്തരത്തിലുള്ള മൂന്ന് ടീമുകളാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.

 

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് ശേഷം ആദ്യ ആംബുലന്‍സ് തുരങ്കത്തിനുള്ളിലേക്കെത്തിച്ചു. തൊഴിലാളികളെ കൃത്യം വൈകിട്ട് 7.05 നാണ് പുറത്തെത്തിച്ചത്. പുറത്തെത്തിക്കുന്ന തൊഴിലാളികള്‍ക്ക് അടിയന്തര പ്രാഥമിക ചികിത്സയ്ക്കായി തുരങ്കത്തിനകത്ത് തന്നെ താത്ക്കാലിക ക്ലിനിക്ക് തുറന്നിരുന്നു.

 

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ ഡ്രില്ലിംഗ് പൂര്‍ത്തിയായതായി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബന്‍സി ധര്‍ തിവാരി പ്രഖ്യാപിച്ചു. 24 മണിക്കൂര്‍ മുഴുവന്‍ ജോലി ചെയ്ത ദൗത്യസംഘാംഗങ്ങള്‍ 10 മീറ്റര്‍ തുടര്‍ച്ചയായി തുരങ്കം കുഴിക്കുകയായിരുന്നു.

 

കഴിഞ്ഞ 12 ന് ആണ് തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്ന് 41 തൊഴിലാളികള്‍ അകത്ത് കുടുങ്ങിയത്.
തൊഴിലാളികളെ സ്വീകരിക്കാന്‍ തുരങ്കത്തിന് പുറത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും കേന്ദ്രമന്ത്രിയും ബന്ധുക്കളുമടക്കം നിരവധി പേര്‍ കാത്തു നിന്നിരുന്നു.

 

ഓരോ ആളെയും പുറത്തെത്തിക്കാന്‍ 5 മുതല്‍ 7 മിനിറ്റ്

 

ഓരോ തൊഴിലിയെയും പുറത്തെത്തിക്കാന്‍ അഞ്ച് മുതല്‍ ഏഴ് മിനിറ്റ് വരെയെടുത്തു. പുറത്തെ താപനില 14 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇതുമായി പൊരുത്തപ്പെടാന്‍ തൊഴിലാളികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കി. മലഞ്ചെരിവിലേക്ക് തുരന്ന ദ്വാരങ്ങളിലൂടെ രണ്ട് മീറ്റര്‍ വീതിയുള്ള പൈപ്പ് കയറ്റിയാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. തൊഴിലാളികള്‍ക്കായി തയ്യാറാക്കിയ 30 കിലോമീറ്റര്‍ അകലെ ചിന്യാലിസൗറിലെ അടിയന്തര മെഡിക്കല്‍ യൂണിറ്റിലെത്താന്‍ ഒരു ഗ്രീന്‍ കോറിഡോര്‍ തയ്യാറാക്കിയിരുന്നു.

 

അവരെ ആദ്യം കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല

 

ഡല്‍ഹിയില്‍ നിന്നുള്ള രക്ഷാദൗത്യ സംഘത്തിലെ മുന്ന ഖുറേഷി താന്‍ അവസാനത്തെ പാറ നീക്കം ചെയ്ത ശേഷം എനിക്ക് അവരെ കാണാനും അവരുടെ അടുത്ത് എത്താനും കഴിഞ്ഞുവെന്ന് പറഞ്ഞു. അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ചു. അവര്‍ നന്ദി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറും ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത്. എന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. മുന്ന ഖുറേഷി പറഞ്ഞു.

 

 

 

 

 

OTHER SECTIONS