തുരങ്ക അപകടം: ആറിഞ്ച് വ്യാപ്തിയുള്ള പൈപ്പ് അരികിലെത്തുന്നു, മല തുരക്കാനും ശ്രമം

By Web Desk.20 11 2023

imran-azhar

 

 

ന്യൂഡല്‍ഹി: രക്ഷാപ്രവര്‍ത്തനത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച് ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കരികിലേക്ക് ആറിഞ്ച് വ്യാപ്തിയുള്ള പൈപ്പ് സ്ഥാപിച്ചു. പുതിയ നീക്കത്തോടെ 41 പേര്‍ക്കും കൂടുതല്‍ ഭക്ഷണവും വെള്ളവും എത്തിക്കാനും അവരുമായി കൂടുതല്‍ ആശയ വിനിമയം നടത്താനും ആവശ്യമായ മരുന്നുകളെത്തിക്കാനും കഴിയുമെന്ന് ദേശീയപാത വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അന്‍ഷു മനീഷ് അറിയിച്ചു. 41 പേരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്ലാസ്റ്റിക് കുപ്പികളിലൂടെയാണ് പോഷകാഹാരവും മരുന്നും എത്തിക്കാന്‍ ആലോചിക്കുന്നത്. കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ പോഷകാഹാര ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ സംഘം യോഗം ചേര്‍ന്ന് പ്രത്യേക ഡയറ്റ് പ്ലാന്‍ തയ്യാറാക്കി. ഇവരുമായുള്ള ആശയവിനിമയം ശക്തമാക്കാന്‍ ചാര്‍ജ്ജര്‍ ബന്ധിപ്പിച്ച ഫോണ്‍ അയക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.

 

53 മീറ്റര്‍ തുരന്ന ശേഷമാണ് 6 ഇഞ്ച് വ്യാപ്തിയുള്ള പൈപ്പ് സ്ഥാപിച്ചത്. ഈ പൈപ്പ് പൂര്‍ണ്ണ ശക്തിയോടെ മുന്നോട്ട് പോകുന്നുണ്ട്. ഈ പൈപ്പ് സ്ഥാപിച്ച ശേഷം കുടുങ്ങി കിടക്കുന്ന ഒരു തൊഴിലാളിയായ ദീപക് കുമാറിന്റെ ബന്ധു അദ്ദേഹവുമായി സംസാരിച്ചു. ഈ പൈപ്പ് സ്ഥാപിച്ച ശേഷം തൊഴിലാളികള്‍ സന്തോഷവാന്മാരായിട്ടുണ്ട്. അതിനിടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) രണ്ട് റോബോട്ടുകളെ രക്ഷാദൗത്യത്തിന് എത്തിച്ചു. ഇതിലെ ക്യാമറകള്‍ ഉപയോഗിച്ച് തൊഴിലാളികളുടെ തത്സമയ ദൃശ്യം പകര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ തുരങ്കത്തിലെ സാഹചര്യം മൂലം ഇത് വിജയിച്ചില്ല.

 

രക്ഷാദൗത്യത്തിന് തുരങ്ക വിദദ്ധരുടെ അന്താരാഷ്ട്ര സംഘം

 

രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും വേഗം കൂട്ടാനുമായി ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്റ് അണ്ടര്‍ഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്‌സിന്റെ നേതൃത്വത്തിലുള്ള തുരങ്ക വിദദ്ധരുടെ അന്താരാഷ്ട്ര സംഘവും സ്ഥലത്തെത്തി. ഞങ്ങള്‍ ആ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ പോകുകയാണെന്ന് അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു. വലിയ ജോലിയാണ് ഇവിടെ നടക്കുന്നതെന്നും ഞങ്ങളുടെ ടീം മുഴുവന്‍ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രക്ഷാദൗര്യത്തിന് ലോകം മുഴുവന്‍ സഹായിക്കുകയാണ്. വളരെ ചിട്ടയായ നിലയില്‍ ജോലി ചെയ്യുന്ന പ്രഗത്ഭരായ ടീമാണ് ഇവിടെയുള്ളത്. അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്ലാന്‍ തൊഴിലാളികളെ പുറത്തെത്തിക്കാര്‍ ഏറെ മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

 

 

OTHER SECTIONS