ഉത്തരകാശിയിലെ ടണല്‍ തകര്‍ച്ച: 25 മീറ്റര്‍ വരെയെത്തി, ഇന്‍ഡോറില്‍ നിന്ന് ശനിയാഴ്ച പുതിയ യന്ത്രമെത്തും

ഉത്തര്‍ കാശിയിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഇന്‍ഡോറില്‍ നിന്നും പുതിയ യന്ത്രം വിമാനത്തിലെത്തിക്കാന്‍ രക്ഷാദൗത്യ സംഘം. 25 മീറ്ററോളം തുരന്ന് രക്ഷാദൗത്യം പുരോഗമിക്കവെ വെള്ളിയാഴ്ച യന്ത്രം തുരങ്കത്തിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

author-image
Web Desk
New Update
ഉത്തരകാശിയിലെ ടണല്‍ തകര്‍ച്ച: 25 മീറ്റര്‍ വരെയെത്തി, ഇന്‍ഡോറില്‍ നിന്ന് ശനിയാഴ്ച പുതിയ യന്ത്രമെത്തും

ന്യൂഡല്‍ഹി: ഉത്തര്‍ കാശിയിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ ഇന്‍ഡോറില്‍ നിന്നും പുതിയ യന്ത്രം വിമാനത്തിലെത്തിക്കാന്‍ രക്ഷാദൗത്യ സംഘം. 25 മീറ്ററോളം തുരന്ന് രക്ഷാദൗത്യം പുരോഗമിക്കവെ വെള്ളിയാഴ്ച യന്ത്രം തുരങ്കത്തിലെ ലോഹഭാഗങ്ങളില്‍ തട്ടിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.

'ഞങ്ങള്‍ 25 മീറ്ററോളം എത്തിയിരിക്കുകയാണ്. അത് ഒരു നല്ല സാഹചര്യമാണ്. ഞങ്ങള്‍ എത്രയും വേഗം അവരുടെ അടുത്തെത്താന്‍ ശ്രമിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നും ഞങ്ങള്‍ മറ്റൊരു യന്ത്രം എയര്‍ലിഫ്റ്റ് ചെയ്യുകയാണ്. ശനിയാഴ്ച്ച രാവിലെ ഇവിടെയെത്തും. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന എന്‍എച്ച്‌ഐഡിസിഎല്‍ ഡയറക്ടര്‍ അന്‍ഷു മനീഷ് ഖല്‍ഖോ പറഞ്ഞു.

'60 മീറ്റര്‍ ദൂരമാണ് അവരിലേക്കെത്താനുള്ളത്. ഡല്‍ഹിയില്‍ നിന്ന് കൊണ്ടുവന്ന ഓഗര്‍ ഡ്രില്‍ മെഷീന്‍ ഉപയോഗിച്ചാണ് 25 മീറ്റര്‍ തുരന്നത്. അപ്പോഴാണ് മെഷീന്‍ ലോഹ ഭാഗത്ത് ഇടിച്ചത്. തുടര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതും മറ്റ് ഡ്രില്ലിംഗ് ജോലികളും നിര്‍ത്തിവയ്ക്കുകയായിരുന്നു. 900 മീറ്റര്‍ വരുന്ന സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ച് പൈപ്പുകളാണ് വെല്‍ഡ് ചെയ്ത് സ്ഥാപിക്കുന്നത്.' അദ്ദേഹം പറഞ്ഞു.

കുടുങ്ങി കിടക്കുന്ന എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്ന ഉത്തര്‍കാശി പൊലീസ് സൂപ്രണ്ട് അര്‍പണ്‍ യാദവന്‍ഷി പറഞ്ഞു. തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ്, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, മെഡിക്കല്‍ പ്രൊഫഷണലുകള്‍, അഗ്‌നിശമന സേന തുടങ്ങിയ എല്ലാ ഏജന്‍സികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണം, വെള്ളം, ഓക്‌സിജന്‍, വൈദ്യുതി എന്നിവയെല്ലാം ലഭ്യമാണ്. ചെറിയ ഭക്ഷണ പാക്കറ്റുകള്‍ ഒരു പൈപ്പിലൂടെ വായു കംപ്രസ് ചെയ്ത് എത്തിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം വിജയിച്ച ഉടനെ തൊഴിലാളികളെ വിദഗ്ധ ചികിത്സക്കായി ഋഷികേശിലെ എയിംസിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് റൂഹേലയും ജില്ലാ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പ്രേം പൊഖ്രിയാലും പൈപ്പിലൂടെ തൊഴിലാളികളുമായി സംസാരിച്ചു. രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

നവം.12 ന് പുലര്‍ച്ചെയാണ് ബ്രഹ്‌മഖല്‍ - യമുനോത്രി ദേശീയ പാതയില്‍ സില്‍കാര്യയ്ക്കും ദണ്ഡല്‍ഗാവിനും ഇടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നത്. 4531 മീറ്റര്‍ നീളമുള്ള സില്‍കാര ടണല്‍ ഉപരിതല ഗതാഗത വകുപ്പിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്. എന്‍എച്ച്‌ഐഡിസിഎല്ലിന്റെ കീഴില്‍ 853.79 കോടി രൂപ ചെലവില്‍ നവയുഗ എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് ആണ് നിര്‍മ്മാണം നടത്തുന്നത്.

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

india Uttarakhand tunnel crash