സില്‍ക്യാര രക്ഷാദൗത്യം വിജയം; 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

By Web Desk.28 11 2023

imran-azhar

 

ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യം വിജയകരം. 17 നാള്‍ നീണ്ട ആശങ്കയാണ് അവസാനിച്ചത്. തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും വിജയകരമായി പുറത്തെത്തിച്ചു. തൊഴിലാളികളെ കേന്ദ്രമന്ത്രി വി.കെ. സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

 

ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്‌ട്രെച്ചറുകളില്‍ തുരങ്കത്തില്‍ നിന്ന് തൊഴിലാളികളെ ഒരോരുത്തരെയായി പുറത്തെത്തിച്ചു. തുടര്‍ന്ന് ആംബുലന്‍സില്‍ തൊഴിലാളികളെ പുറത്തേക്കു കൊണ്ടുവന്നു. പ്രാഥമിക ചികിത്സ നല്‍കാനായി തുരങ്കത്തിനകത്തു തന്നെ താത്ക്കാലിക സൗകര്യം ഒരുക്കിയിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം തൊഴിലാളികളെ ആംബുലന്‍സില്‍ ആശുപത്രികളില്‍ എത്തിച്ചു.

 

തുരങ്ക നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് ചൊവ്വാഴ്ച ആറു മീറ്ററോളം അവശിഷ്ടം നീക്കിയത്. ഇന്ത്യന്‍ സൈന്യം സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍, സേവനം ഉപയോഗപ്പെടുത്തിയില്ല.

 

കുഴലില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഡ്രില്ലിങ് യന്ത്രം തിങ്കളാഴ്ച രാവിലെ പുറത്തെടുക്കാന്‍ സാധിച്ചതാണ് ദൗത്യത്തിന് ഊര്‍ജ്ജം പകര്‍ന്നത്. കുഴലിലൂടെ നിരങ്ങിനീങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ക്കിടയിലെ ഇരുമ്പും സ്റ്റീല്‍ പാളികളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു നീക്കം ചെയ്തു.

 

മണിക്കൂറുകള്‍ അധ്വാനിച്ച് ഏതാനും ഭാഗത്തെ അവശിഷ്ടങ്ങള്‍ നീക്കിയശേഷം ഇവര്‍ പുറത്തിറങ്ങി. തുടര്‍ന്ന്, പുറത്തുള്ള യന്ത്രത്തിന്റെ സഹായത്തോടെ അതിശക്തമായി കുഴല്‍ അകത്തേക്കു തള്ളി. വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി അവശിഷ്ടങ്ങള്‍ നീക്കി. ഈ രീതിയില്‍ ക്രമേണെയാണ് കുഴല്‍ മുന്നോട്ടു നീക്കിയത്.

 

 

 

 

 

OTHER SECTIONS