/kalakaumudi/media/post_banners/2346d4ee4608124a4092c8f50147d1db674d54f7a37e94774a242bcb2c4843cd.jpg)
ന്യൂദല്‍ഹി: രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അധികാര മോഹം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുന്ന ദൗര്‍ഭാഗ്യകരമായ കാലഘട്ടത്തിലൂടെ നാം കടന്നുപോവുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേസരി വാരിക ദല്‍ഹിയില്‍ സംഘടിപ്പിച്ച ബ്രിഡ്ജിംഗ് സൗത്ത് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദക്ഷിണഭാരതം, ഉത്തരഭാരതം എന്ന വ്യത്യാസത്തെക്കുറിച്ച് വല്ലാതെ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കലാണ്. വിന്ധ്യന് താഴേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി പടരുന്നത് പലരെയും അസ്വസ്ഥരാ ക്കുന്നുണ്ട്. കാലങ്ങളായി കുടുംബസ്വത്തുപോലെ സംസ്ഥാനങ്ങളെ കൈവശം വയ്ക്കുകയും അവരെ കൊള്ളയടിച്ച് ജീവിക്കുകയും ചെയ്തവര്‍ക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന തോന്നലില്‍ നിന്നാണ് ദക്ഷിണഭാരതത്തിലെ ജനങ്ങളുടെ മനസില്‍ വിഭജനത്തിന്റെ വിത്ത് വിതയ്ക്കുന്നത്. ഇതിന് കുടപിടിക്കുന്നത് പാന്‍ ഇന്ത്യ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളായ സിപിഎമ്മും ഡിഎംകെയും പോലുള്ളവരാണ്.
അധികാരമോഹം രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാവരുത് എന്നാണ് കോണ്‍ഗ്രസിനോടും സഖ്യകക്ഷികളോടും പറയാനുള്ളത്. ബ്രിട്ടീഷുകാര്‍ വിഭജിച്ചിട്ട, ശിഥിലമായി കിടന്നിരുന്ന ഭാരതത്തെ സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലുള്ളര്‍ ഏറെ വിയര്‍പ്പൊഴുക്കിയാണ് ഇന്നത്തെ നിലയില്‍ ഒറ്റ പതാകയ്ക്ക് കീഴിലാക്കിയത്. മുമ്പ് ബാഹ്യ ശത്രുക്കളാണ് നമ്മെ ഭിന്നിപ്പിച്ചതെങ്കില്‍ ഇന്ന് ആഭ്യന്തര ശത്രുക്കള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു.
ഇസ്ലാമിക ഭീകരവാദം കൊണ്ട് ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കാമെന്നും ഭാരതത്തിന്റെ തെക്കേയറ്റത്തെ, മുറിച്ചുമാറ്റാമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. നരേന്ദ്രമോദി അധികാരത്തിലിരി ക്കുമ്പോള്‍, ബിജെപി ഈ രാജ്യത്ത് ഉള്ളിടത്തോളം ഭാരതത്തിന്റെ അഖണ്ഡത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു, സ്വാഗതസംഘം ചെയര്‍മാന്‍ ബാബു പണിക്കര്‍ തുടങ്ങിയവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.