/kalakaumudi/media/post_banners/7a34be42d5fc53f6327e69968523a04bdee4689949af4a46157607d533d81743.jpg)
ഗ്രീഷ്മ രാകേഷ്
വര്‍ക്കല: ഗുരുദര്‍ശനങ്ങള്‍ ഗുരു പിറവി എടുത്ത കേരളത്തില്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടതാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍.
91-ാം ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യന്‍ മനുഷ്യന്റെ തല ചെടിച്ചട്ടികൊണ്ട് തല്ലിപ്പൊളിക്കുകയും അത്തരം അക്രമപ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് ന്യായീകരിക്കുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.
വേദോപനിഷത്തുകള്‍ പഠിപ്പിച്ച മാനവീകതയുടെ പാഠം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ സഹജീവികളുടെ തല തല്ലിപ്പൊളിക്കുകയും അതിനെ രക്ഷാപ്രവര്‍ത്തനമെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും വി.മുരളീധരന്‍ വിമര്‍ശിച്ചു.സനാതന മതം എന്നത് ജാതിയും അയിത്തവും മാത്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.
തിയ്യ സമുദായം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് മഹാകവി കുമാരനാശാന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വി.മുരളീധരന്‍ പറഞ്ഞു. മുഹമ്മദ് നബിയുടെയും യേശു ക്രിസ്തുവിന്റെയും ശ്രീബുദ്ധന്റെയും ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഗുരുദേവന്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത്.
കാവി എന്നത് മഹത്തായ നിറമാണ്. എല്ലാ വിശ്വാസങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചവരാണ് സനാതന ധര്‍മ്മ വിശ്വാസികള്‍. വസുധൈവ കുടുംബകം എന്ന ദര്‍ശനം ലോകത്തിന് നല്‍കിയത് സനാതന ധര്‍മ്മമാണ്.
ഇങ്ങനെ സനാതന ധര്‍മ്മത്തിന്റെ ഉള്‍പ്പെടെയുള്ള ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് കാലഘട്ടത്തിന് അനുസൃതമായ രീതിയില്‍ ഗുരുദേവന്‍ തന്റെ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ സ്വാഗതം പറഞ്ഞു. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
അടൂര്‍ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഏറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദിഖ് അഹമ്മദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ക്യുഈഎല്‍ ആന്‍ഡ് ക്യുപിസിസി ഹോള്‍ഡിംഗ് ബഹ്‌റിന്‍ ചെയര്‍മാന്‍ കെ.ജി. ബാബുരാജ്, മുരളീയ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. മുരളീധരന്‍, എന്നിവര്‍ സംസാരിച്ചു.