/kalakaumudi/media/post_banners/ece07a1501f91045e6e0303415ba14fd451cc29ca5e48a4694e0b8393f248cc7.jpg)
കൊച്ചി: വന്ദേ മെട്രോ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ തിരക്കേറിയ 10 റൂട്ടുകളിലെങ്കിലും സര്‍വീസ് നടത്തുമെന്ന് സൂചന. കൂട്ടിയിടി ഒഴിവാക്കാന്‍ വേണ്ടി കവച് സംവിധാനത്തോട് കൂടിയുള്ള വന്ദേ മെട്രോ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ട്രാക്കിലാകുമെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം - എറണാകുളം, കൊല്ലം - എറണാകുളം, കൊല്ലം - തൃശൂര്‍, കൊല്ലം - തിരുനെല്‍വേലി, എറണാകുളം - കോഴിക്കോട്, എറണാകുളം - കോയമ്പത്തൂര്‍,കോഴിക്കോട് - പാലക്കാട്,കോഴിക്കോട് - മംഗലാപുരം, നിലമ്പൂര്‍ -മേട്ടുപ്പാളയം, പാലക്കാട് - കോട്ടയം എന്നീ റൂട്ടുകളാണ് മെട്രോയുടെ സര്‍വീസ് നടത്താന്‍ പ്രധാനമായും പരിഗണിക്കുന്നത്.
പൂര്‍ണമായും ശീതീകരിച്ച 12 കോച്ചുകള്‍, കുഷ്യനുള്ള സീറ്റുകള്‍, ഓട്ടോമാറ്റിക് ഫയര്‍ അലാം, മോഡുലാര്‍ ടോയ്‌ലെറ്റ്, ഇരുഭാഗത്തും തുറക്കുന്ന ഓട്ടോമേറ്റഡ് വാതില്‍ തുടങ്ങി നിരവധി പ്രത്യേകതകളാണ് ഈ മെട്രോക്ക് ഉള്ളത്.
250 മുതല്‍ 300 കിലോമീറ്ററാണ് ഇതിന്റെ ദൂരപരിധി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത് സഞ്ചരിക്കും. തമിഴ്‌നാട്ടിലെ പെരമ്പൂര്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യ റേക്ക് പുറത്തിറങ്ങും.
മാര്‍ച്ചോടെ അവതരിപ്പിക്കേണ്ട വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണവും ഇവിടെ പുരോഗമിക്കുകയാണ്. സീറ്റ് ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് ചെയര്‍ കാറുകളില്‍ നിന്ന് യാത്ര ചെയ്യാനും അനുവാദമുണ്ട്.ഒരു കോച്ചില്‍ 100 പേര്‍ക്ക് ഇരുന്നും 200 പേര്‍ക്ക് നിന്നും യാത്ര ചെയ്യാം.