സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

By web desk.06 12 2023

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധനകള്‍ തുടരുകയാണ്. സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളില്‍ ഒരേസമയത്ത് ഉദ്യോഗസ്ഥരെത്തിയായിരുന്നു പരിശോധന ആരംഭിച്ചത്. സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായാണ് വിജിലന്‍സിന്റെ പരിശോധന.

 

ചില മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി കൂടിയ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് മൃഗാശുപത്രികള്‍ മുഖേന വില്‍ക്കുന്നതായും, ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും, സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി ഡോക്ടര്‍മാര്‍ വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് 'ഓപ്പറേഷന്‍ വെറ്റ് സ്‌കാന്‍'എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാനത്തെ മൃഗാശുപത്രികളില്‍ മിന്നല്‍ പരിശോധന നടത്തുന്നത്. നിലവില്‍ സംസ്ഥാനത്തെ 56 മൃഗാശുപത്രികളിലാണ് പരിശോധന നടത്തുന്നത്.

 

 

 

OTHER SECTIONS