/kalakaumudi/media/post_banners/62590ac5affdd83712d45285245c1d782e4a7ccdcaa1c23cf34e042ff6efbba5.jpg)
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി സംഗീത ലോകം. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ജഗതിയിലെ വസതിയിലായിരുന്നു ശശികുമിറിന്റെ അന്ത്യം. ഞായറാഴ്ച വൈകിട്ട് നാലിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
തന്ത്രികളില്‍ വിസ്മയ സ്വരങ്ങള്‍ തീര്‍ത്ത വയലിന്‍ പ്രതിഭ ലോകത്തോട് വിടപറഞ്ഞ വിവരം ഏറെ ഞെട്ടലോടെയായിരുന്നു സംഗീത ലോകം കേട്ടത്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന വയലിന്‍ വാദകര്‍ തങ്ങള്‍ക്ക് പാട്ടിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ചു തന്ന പ്രിയ ഗുരുവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ഓടിയെത്തി. സംഗീത ലോകത്തിന് ശശികുമാര്‍ മാഷ് സമ്മാനിച്ച ഗായകര്‍ അനവധിയാണ്. രാജ്യമൊട്ടാകെ ആയിരത്തിലേറെ ശിഷ്യഗണങ്ങള്‍.
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഗുരു മാത്രമല്ല അമ്മാവന്‍ കൂടിയായിരുന്നു ശശികുമാര്‍. ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗം ശശികുമാറിനേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. ബാലുവിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുക്കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ സി കെ ഉണ്ണികൃഷ്ണന്‍ നടത്തിയ നിയമപോരാട്ടങ്ങളിലും ശശികുമാര്‍ ഒപ്പമുണ്ടായിരുന്നു.
പ്രിയപ്പെട്ട ബാലുവിന്റെ ഓര്‍മദിനങ്ങളിലെല്ലാം മറക്കാതെ എഴുതിയ കുറിപ്പുകളിലെല്ലാം ആ വേര്‍പാടിന്റെ വേദന തെളിഞ്ഞു കാണാം. ബാലഭാസ്‌കറിന്റെ ഓര്‍മകളെക്കുറിച്ച് ചോദിക്കുമ്പോള്‍, 'മറന്നെങ്കിലല്ലേ പ്രത്യേകം ഓര്‍മിക്കേണ്ടതുള്ളൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബാലു ശാരീരികമായി മാത്രമേ തന്നില്‍ നിന്നും അകന്നിട്ടുള്ളൂവെന്നും ആ ആത്മാവ് എല്ലായിപ്പോഴും തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
എം കെ ഭാസ്‌കര പണിക്കരുടെയും ജി സരോജിനി അമ്മയുടെയും മകനായി 1949 ഏപ്രില്‍ 27 ന് തിരുവല്ലയിലാണ് ശശികുമാറിന്റെ ജനനം. അച്ഛന്‍ തന്നെയായിരുന്നു ശശികുമാറിന്റെ ആദ്യ ഗുരു. 'തിരുവല്ല ബ്രദേഴ്‌സ്' എന്ന സംഗീത സംഘത്തിലെ നാദസ്വര വിദ്വാനായിരുന്നു ഭാസ്‌കരപ്പണിക്കര്‍.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ശശികുമാര്‍ നാടകങ്ങള്‍ക്കു പിന്നണി വായിച്ചിരുന്നു. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണും നേടി. തുടര്‍ന്ന് അവിടെ അധ്യാപകനായി. ആകാശവാണിയിലെ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ശശികുമാര്‍. മലയാളം, തമിഴ് കീര്‍ത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത- നാടക അക്കാദമിയുടെ പുരസ്‌കാരം, കേരള സംഗീത-നാടക അക്കാദമി ഫെലോഷിപ്പ് എന്നിവയും നേടി.
ശിഷ്യരാകാന്‍ നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ അടുക്കലേക്ക് എത്തിയത്. വന്ന എല്ലാവരെയും ശിഷ്യരായി സ്വീകരിക്കാന്‍ ശശികുമാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുത്തവരില്‍ നിന്ന് പ്രതിഫലവും വാങ്ങിയില്ല. പ്രതിഫലം വാങ്ങാതെ പിതാവ് ശിഷ്യന്മാര്‍ക്ക് വിദ്യ പറഞ്ഞുക്കൊടുക്കുന്നത് കണ്ടിട്ടാവണം ശശികുമാറും ആ പാത തുടര്‍ന്നത്.
കാവാലം ശ്രീകുമാര്‍, കല്ലറ ഗോപന്‍, ജി വേണുഗോപാല്‍, ശ്രീറാം, ബാലഭാസ്‌കര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യരില്‍ ചിലര്‍ മാത്രമാണ്. കഠിനമെന്ന്് തോന്നുന്ന പാഠങ്ങള്‍ നിരന്തരം സാധകം ചെയ്യിക്കുന്നതായിരുന്നു പഠനരീതി. ഓരോ രാഗത്തെയും പറ്റിയുള്ള ആഴത്തിലുള്ള അറിവ് ശിഷ്യര്‍ക്കും പകര്‍ന്നു നല്‍കി. ഒറ്റയ്ക്കു പഠിപ്പിക്കുന്നതിന് പകരം ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം.
തന്റെ ഗുരുക്കന്മാരില്‍ അഗാധപാണ്ഡിത്യമുള്ള വ്യത്യസ്തനായ കലാകാരനായിരുന്നു അദ്ദേഹമെന്ന് ജി വേണുഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കലാരംഗത്തിന് തീരാനഷ്ടമാണെന്ന് കല്ലറ ഗോപനും വ്യക്തമാക്കി.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">