അരാ പൈമ, ഫ്‌ലവര്‍ ഹോണ്‍, അരോണ; മത്സ്യങ്ങളുടെ മനോഹര കാഴ്ചയൊരുക്കി നെയ്യാര്‍ ഡാം അക്വേറിയം

നെയ്യാര്‍ ഡാം അക്വേറിയം സന്ദര്‍ശിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് അരാ പൈമ, ഫ്‌ലവര്‍ ഹോണ്‍, അരോണ തുടങ്ങിയ നിരവധി മത്സ്യങ്ങള്‍.

author-image
Web Desk
New Update
അരാ പൈമ, ഫ്‌ലവര്‍ ഹോണ്‍, അരോണ; മത്സ്യങ്ങളുടെ മനോഹര കാഴ്ചയൊരുക്കി നെയ്യാര്‍ ഡാം അക്വേറിയം

കാട്ടാക്കട: നെയ്യാര്‍ ഡാം അക്വേറിയം സന്ദര്‍ശിക്കാനെത്തുന്നവരെ കാത്തിരിക്കുന്നത് അരാ പൈമ, ഫ്‌ലവര്‍ ഹോണ്‍, അരോണ തുടങ്ങിയ നിരവധി മത്സ്യങ്ങള്‍.

ഇനി വെറും 30 രൂപയ്ക്ക് വര്‍ണ മത്സ്യങ്ങളുള്ള നെയ്യാര്‍ ഡാം അക്വേറിയം കണ്ട് ഇറങ്ങാം. ഏഷ്യയിലെ അപൂര്‍വ ഇനങ്ങള്‍ മുതല്‍ അലങ്കാര മത്സ്യങ്ങള്‍ വരെ ഇവിടെയുണ്ട്.

മിസ് കേരള, ഫ്‌ലവര്‍ ഹോണ്‍, അരോണ, അരാ പൈമ, ക്യാറ്റ് ഫിഷ്, ചീങ്കണ്ണി മത്സ്യം, വിവിധ തരം ഷാര്‍ക്കുകള്‍, സിക്ലിസുകള്‍, ഓസ്‌കറുകള്‍ തുടങ്ങി നിരവധി അപൂര്‍വയിനം അലങ്കാര മത്സ്യങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ നാടന്‍ മത്സ്യങ്ങളുമുണ്ട്.

അലങ്കാര മത്സ്യങ്ങളെ കാണാന്‍ നിരവധി പേരാണ് അക്വേറിയത്തിലേക്ക് എത്തുന്നത്. രാവിലെ 10 മണി മുതല്‍ രാത്രി 7 വരെയാണ് സന്ദര്‍ശന സമയം. 12 വയസ്സിന് മുകളിലുള്ളവര്‍ക്കും മുതിര്‍ന്നവര്‍ക്കും 30 രൂപയാണ് പ്രവേശന നിരക്ക്.

12 താഴെയുള്ള കുട്ടികള്‍ക്ക് 15 രൂപ മാത്രം നല്‍കിയാല്‍ മതി.അതേസമയം, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളുണ്ട്. എല്‍കെജി മുതല്‍ 5ാം ക്ലാസ് വരെയുള്ളവര്‍ക്ക് 5 രൂപയും 6 ാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവര്‍ക്ക് 10 രൂപയും +1 മുതല്‍ കോളേജ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപയുമാണ് പ്രവേശന നിരക്ക്.

നെയ്യാര്‍ ഡാമിന് സമീപത്തായാണ് അക്വേറിയം സ്ഥിതി ചെയ്യുന്നത്. മറ്റുള്ളവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള കുളത്തിന്റെ മാതൃകയിലാണ് അക്വേറിയം പണികഴിപ്പിച്ചിരിക്കുന്നത്. 27 ടാങ്കുകളിലായാണ് മത്സ്യങ്ങളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ആളുകളെ ആകര്‍ഷിക്കാന്‍ ചുമര്‍ചിത്രങ്ങള്‍, വാട്ടര്‍ ഫൗണ്ടനുകള്‍, ത്രിമാന മോഡലുകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന ഏജന്‍സിയായ അഡിക്കിനാണ് ഇതിന്റെ നടത്തിപ്പിനുള്ള ചുമതല.

neyyar dam aquarium