വിഴിഞ്ഞം തുറമുഖം: സംസ്ഥാനത്തിനെതിരെ പരാതിയുമായി കേന്ദ്രം

കേന്ദ്ര സാമ്പത്തിക സഹായമുള്ള തുറമുഖ പദ്ധതിയെ സംസ്ഥാനത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കാപെക്‌സ് ഫണ്ടിന് വേണ്ടിയുള്ള അപേക്ഷയുടെ ഫയലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Web Desk
New Update
വിഴിഞ്ഞം തുറമുഖം: സംസ്ഥാനത്തിനെതിരെ പരാതിയുമായി കേന്ദ്രം

തിരുവനന്തപുരം: കേന്ദ്ര സാമ്പത്തിക സഹായമുള്ള തുറമുഖ പദ്ധതിയെ സംസ്ഥാനത്തിന്റെ മാത്രം നേട്ടമായി അവതരിപ്പിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. കാപെക്‌സ് ഫണ്ടിന് വേണ്ടിയുള്ള അപേക്ഷയുടെ ഫയലിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ വാദത്തെ സംസ്ഥാനത്തെ ധനകാര്യ, തുറമുഖ വകുപ്പുകള്‍ തള്ളി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എത്ര രൂപ വീതം ചെലവിടുന്നുണ്ടെന്ന് കൃത്യമായി ജനങ്ങളോട് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് തുറമുഖ പദ്ധതിയില്‍ രാഷ്ട്രീയമില്ലെന്നും വിഷയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ നല്‍കുന്ന ഫണ്ടാണ് കാപെക്‌സ് ഫണ്ട്( ക്യാപിറ്റല്‍ എക്‌സ്‌പെന്‍ഡിച്ചര്‍). കാപെക്‌സ് ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റേതായി കൂടി ബ്രാന്‍ഡ് ചെയ്യപ്പെടണമെന്ന പൊതുനിര്‍ദ്ദേശം മുമ്പ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന പദ്ധതിയായി മാത്രം ഉയര്‍ത്തിക്കാട്ടരുതെന്നും കേന്ദ്ര സഹായം കൂടി എടുത്തുപറഞ്ഞാകണം പദ്ധതിയുടെ പ്രചാരണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ വരാത്തതാണ് കേന്ദ്രം നല്‍കുന്ന കാപെക്‌സ് ഫണ്ട്. ആദ്യ ഗഡുവിന് ധനകാര്യ വകുപ്പ് അപേക്ഷ നല്‍കി. വിഴിഞ്ഞം പദ്ധതിയുടെ പുലിമുട്ട് നിര്‍മ്മാണത്തിനായി സംസ്ഥാനം ചെലവിട്ട തുകയുടെ ബില്ലുകളാണ് ചേര്‍ത്തിരിക്കുന്നത്. കേന്ദ്ര സഹായം സ്വീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശിച്ച ബ്രാന്‍ഡിങ് വിഴിഞ്ഞം പദ്ധതിക്കും ബാധമാകും. സംസ്ഥാനം ആവശ്യപ്പെട്ട തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാല്‍ കേന്ദ്രം നിര്‍ദ്ദേശിച്ച ബ്രാന്‍ഡിങ് സ്വീകരിക്കേണ്ടി വരും.

കരാര്‍ പ്രകാരം വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ തുറമുഖ നിര്‍മ്മാണത്തിന് 817 കോടി രൂപയും കേന്ദ്രം നല്‍കാനുണ്ട്. ഇതിനുള്ള അപേക്ഷയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി. എന്നാല്‍ രണ്ടിനത്തിലും ഇതുവരെ ഒരു രൂപയും കേന്ദ്രം നല്‍കിയിട്ടില്ല.

 

kerala news vizhinjam port Latest News