/kalakaumudi/media/post_banners/76ca945a592816a242bf3e4db91c3351f7c321babedefc997aca51be8851c5f1.jpg)
തിരുവനന്തപുരം: 2047 ഓടെ വിഴിഞ്ഞം തുറമുഖത്തെയും ലോകോത്തര തുറമുഖമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 'അമൃത്കാല്‍ 2047' വിഷന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കുക. സിംഗപ്പൂര്‍, കൊളംബോ തുടങ്ങിയ ആഗോള ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖങ്ങള്‍ക്കൊപ്പം ഇടംപിടിക്കുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖത്തെയും ലോകോത്തര തുറമുഖമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്.
75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 'അമൃത്കാല്‍ 2047' എന്ന ആശയം അവതരിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ല്‍ രാജ്യത്തിന് വിവിധ രംഗങ്ങളില്‍ വളര്‍ച്ചയുണ്ടാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
2025നകം മാസ്റ്റര്‍ പ്‌ളാനും 2026നകം സാങ്കേതിക, സാമ്പത്തിക സാദ്ധ്യതാ റിപ്പോര്‍ട്ടുകളും തയ്യാറാക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ അതിര്‍ത്തി പ്രദേശം നിര്‍ണയിക്കല്‍, ഭൂമിയുടെ ലഭ്യത, കൂടുതല്‍ ആഴം ആവശ്യമുണ്ടെങ്കില്‍ ഡ്രഡ്ജിംഗ് നടത്തല്‍, സാമ്പത്തിക പ്ലാന്‍ ഉള്‍പ്പെടെയുള്ളവ മാസ്റ്റര്‍ പ്ലാനിലുണ്ടാകും.
കടലിന് 20 മീറ്റര്‍ പ്രകൃതിദത്ത ആഴമുള്ളതും അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ (18 കിലോമീറ്റര്‍) മാത്രം അകലമുള്ളതും വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അനുകൂലമാണെന്ന് അമൃത്കാല്‍ വിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മണിക്കൂറില്‍ 200 വീതം കണ്ടെയ്‌നറുകള്‍ കയറ്റാനും ഇറക്കാനും സാധിക്കുന്നവിധം ഓരോ കപ്പലിനുമായി ആറ് ക്രെയിനുകള്‍ സജ്ജമാക്കും. കപ്പലുകളില്‍നിന്ന് കണ്ടെയ്നറുകള്‍ വേഗത്തില്‍ ഇറക്കാനും കയറ്റാനും ഇതിലൂടെ കഴിയും.