/kalakaumudi/media/post_banners/1c0b06943a5758d19476dd441be2efca29be98091d3de25cfa3d1949afdbc495.jpg)
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരം കേരളത്തിന്റെ വ്യവസായിക, വാണിജ്യ തലസ്ഥാനമാകും. ഇതോടെ തലസ്ഥാനത്തിന്റെ കരുത്തില്‍ വ്യവസായ, വാണിജ്യരംഗത്ത് കുതുക്കും. കേരളത്തിന്റെ ചരക്കുനീക്കം സുഗമമാക്കാനുള്ള പദ്ധതികള്‍ക്ക് ഉടന്‍തന്നെ തുടക്കമാകും.
പിഎം ഗതിശക്തിയില്‍ ഉള്‍പ്പെടുത്തി തുറവൂര്‍-എറണാകുളം പാത വികസിപ്പിക്കുകയാണ്. ഇതോടെ കൊച്ചിയിലെത്തുന്ന ചരക്കുകള്‍ നേരിട്ട് റെയില്‍മാര്‍ഗം വിഴിഞ്ഞം തുറമുഖത്ത് എത്തിക്കാനാകും. ഇതിലൂടെ കോടികളുടെ ലാഭമാകും ഉണ്ടാവുക. നിലവില്‍ കൊച്ചിയില്‍ നിന്നും ചെറു കപ്പലുകളില്‍ ചരക്ക് കൊളംബോയില്‍ എത്തിച്ചാണ് കയറ്റുമതി ചെയ്യുന്നത്.
വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തില്‍ തന്നെ ചരക്കുകള്‍ നേരിട്ട് കയറ്റുമതി ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. തുറവൂര്‍ മുതല്‍ അമ്പലപ്പുഴവരെയുള്ള 45.86 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുന്ന 1262.14 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഗതിശക്തിയുടെ നെറ്റ്വര്‍ക്ക് പ്ലാനിങ് ഗ്രൂപ്പിന്റെ ഇത്തരത്തിലുള്ള വിലയിരുത്തല്‍.
മാത്രമല്ല തന്നെ ഇന്ത്യന്‍ തീരത്തുള്ള പ്രമുഖ തുറമുഖങ്ങളില്‍ നിന്നും റയില്‍, റോഡ്, കപ്പല്‍ മാര്‍ഗം വിഴിഞ്ഞത്ത് ചരക്കുകളും കണ്ടെയ്‌നറുകളും എത്തിച്ച് ആയിരിക്കും കയറ്റുമതിയും ഇറക്കുമതിയും നടക്കുക. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനു സമീപമാണ് വിഴിഞ്ഞം തുറമുഖവും. അതുകൊണ്ടുതന്നെ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ചരക്കുനീക്കത്തിന് ഇപ്പോള്‍ ആശ്രയിക്കുന്ന അയല്‍ രാജ്യങ്ങളുടെ സഹായമില്ലാതെ തന്നെ ഇന്ത്യക്ക് സ്വന്തമായി ഈ നീക്കം നടത്താനാകും.
കേരളത്തിന്റെ സമഗ്ര വികസനത്തിന് ഇത് ഗുണംചെയ്യും. യാത്രാസമയത്തില്‍ കാര്യമായ ലാഭമുണ്ടാകും. കയര്‍ കയറ്റുമതിക്കും ടൂറിസംമേഖലയ്ക്കും പദ്ധതി ഏറെ ഗുണകരമാകുമെന്നാണ് പ്ലാനിങ് ഗ്രൂപ്പിന്റെ അഭിപ്രായം.നിലവില്‍ സംസ്ഥാനത്തെ റെയില്‍പ്പാതയുടെ യഥാര്‍ഥ ശേഷിയെക്കാള്‍ 30 ശതമാനം കൂടുതലാണ് ചരക്കുനീക്കവുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്തുന്നത്.
പാതകള്‍ക്കുമേലുള്ള ഈ സമ്മര്‍ദം ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാവുന്നതോടെ കുറയും. കേരളത്തിന് അനുവദിച്ച വന്ദേഭാരത് തീവണ്ടികള്‍ക്ക് ആവശ്യമായ വേഗം ലഭിക്കാനും പാതയിരട്ടിപ്പിക്കല്‍ ഉപകരിക്കും. കൊല്ലത്തെ ദേശീയ ജലപാതാ ടെര്‍മിനലിനും ഗുണകരമാണ് പദ്ധതിയെന്ന് ഗതിശക്തിയുടെ പ്ലാനിങ് ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ ഇരുപതിനായിരത്തിലേറെ കണ്ടെയ്നറുകള്‍ കൊണ്ടുപോകാന്‍ ശേഷിയുള്ള വലിയ മദര്‍ഷിപ്പുകള്‍ കൊളംബോയിലാണ് എത്തുന്നത്. കൊച്ചിയില്‍നിന്ന് ചെറുകപ്പലുകളില്‍ കൊളംബോയിലേക്ക് കണ്ടെയ്നറുകള്‍ എത്തിക്കും. എന്നാല്‍, വിഴിഞ്ഞത്തേക്ക് മദര്‍ഷിപ്പുകള്‍ വരുമ്പോള്‍, കൊച്ചിയില്‍ നിന്ന് റെയില്‍പ്പാതവഴി കണ്ടെയ്നറുകള്‍ എത്തിക്കാം.
പി.എം. ഗതിശക്തിക്ക് കീഴില്‍ നടപ്പാക്കുന്ന 11.53 ലക്ഷം കോടി രൂപ ചെലവുവരുന്ന 112 പദ്ധതികളാണ് ഇതുവരെ അനുവദിച്ചത്. അതില്‍ കേരളത്തിലേതുള്‍പ്പെടെ ആറ് പദ്ധതികളാണ് കഴിഞ്ഞദിവസത്തെ പ്ലാനിങ് ഗ്രൂപ്പ് യോഗം ചര്‍ച്ചചെയ്തത്.