വളരെ വ്യത്യസ്തമായ രീതിയില്‍ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. വിവാഹം ഏറെ മനോഹരമാക്കുന്നതിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും സ്വാധീനിക്കാറുണ്ട്. അത്തരത്തില്‍ നടന്ന ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സാധാരണയായി അമ്പലങ്ങളിലും പള്ളികളിലും വീടുകളിലും ഓഡിറ്റോറിയത്തിലുമൊക്കെയാണ് വിവാഹാഘോഷങ്ങള്‍ നടത്താറ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായാണ് യുഎഇയിലെ ബിസിനസുകാരനായ ദിലീപ് പോപ് ലെ തന്റെ മകളുടെ വിവാഹം നടത്തിയിരിക്കുന്നത്. അതും പറന്നുക്കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളില്‍. ദിലീപ് പോപ് ലേയുടെ മകള്‍ വിധി പോപ് ലേയും ബാല്യകാല സുഹൃത്തായ ഹൃദേഷ് സയ്‌നാനിയും തമ്മിലായിരുന്നു വിവാഹം.
ബോയിങ് 747 പ്രൈവറ്റ് ജെറ്റായിരുന്നു വിവാഹവേദി. ഭൂമിയില്‍ നിന്ന് 30,000 അടി ഉയരത്തില്‍ ഇരുവരുടേയും വിവാഹചടങ്ങുകളും അതിഗംഭീരമായി തന്നെ നടന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 357 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ദുബായില്‍ നിന്ന് ഒമാനിലേക്കാണ് വിമാനം പറന്നത്. ഈ യാത്രക്കായെടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ വിവാഹച്ചടങ്ങുകള്‍ നടത്തി. അതിനുശേഷം അതിഥികള്‍ പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ ഉണ്ട്.
വിമാനത്തിന്റെ അകം വളരെ മനോഹരമായി തന്നെ അലങ്കരിക്കുകയും ഓരോ സെഷനിലും ചെറിയ പ്രൊജക്റ്റകുള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രത്യേക ഭക്ഷണവും വിമാനത്തിനുള്ളില്‍ ഒരുക്കിയിരുന്നു.
നേരത്തെ വിധിയുടെ അച്ഛന്‍ ദിലീപും അമ്മ സുനിതയും വിവാഹിതരായതും വിമാനത്തിനുള്ളില്‍ തന്നെയാണ്. അതാവാം തങ്ങളുടെ മകളുടെ വിവാഹത്തിനും വേദിയായി വിമാനം തന്നെ തിരഞ്ഞെടുത്തത്. വിധിയുടെ അച്ഛന്റെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത് എയര്‍ ഇന്ത്യ വിമാനമായിരുന്നു.