ആരാണ് നിതാരി കൊലപാതക പരമ്പരയിലെ സുരേന്ദ്ര കോലി...

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോലിയെ നെക്രോഫിലിയാക് അഥവാ മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവയാള്‍ എന്ന് വിശേഷിപ്പിച്ചു. മാത്രമല്ല മനുഷ്യമാംസം ഭക്ഷിക്കുന്ന ഒരു രോഗമായ നെക്രോഫാഗി ബാധിച്ചയാളാണ് കോലിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

author-image
Greeshma Rakesh
New Update
ആരാണ് നിതാരി കൊലപാതക പരമ്പരയിലെ സുരേന്ദ്ര കോലി...

നോയ്ഡ: ക്രൂരത, അപസര്‍പ്പക കഥകളെ വെല്ലുന്ന നിഗൂഢത! നിതാരി കൊലപാതക പരമ്പര കേസ് രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. 2006 ഡിസംബറില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ ഒരു വീടിനടുത്തുള്ള അഴുക്കുചാലില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് ലോകമന:സാക്ഷിയെ ഞെട്ടിച്ച നിതാരി കൊലപാതക പരമ്പരയുടെയുടെ ചുരുളഴിഞ്ഞത്. 2005-2006 കാലത്ത് ഗ്രാമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളുടെ ശരീരാവശിഷ്ടങ്ങളായിരുന്നു കണ്ടെത്തിയത്.

10 ദിവസത്തിനകം സിബിഐ കേസ് ഏറ്റെടുക്കുകയും തിരച്ചിലില്‍ കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പ്രതികളെന്നു സംശയിച്ച മൊനീന്ദര്‍ സിങ് പാന്ഥറിനെയും സുരേന്ദ്ര കോലിയെയും പൊലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലില്‍ കോലിയാണ് കുറ്റങ്ങള്‍ സമ്മതിച്ചത്.

ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നും കുടിയേറിയ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഇരകളിലധികവും. സംഭവം പുറത്തുവന്ന ശേഷം ഇവരിലേറെയും നിതാരിയില്‍ നിന്ന് താമസം മാറ്റി. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മൃതശരീരം പാകംചെയ്ത് കഴിച്ചതായും പ്രതി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൊലപാതക പരമ്പര വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു. കേസിലെ മുഖ്യപ്രതികളായ സുരേന്ദ്ര കോലിയെയും മൊനീന്ദര്‍ സിംഗ് പന്ദേറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരിക്കുകയാണ്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഇരുവരേയും വെറുതെ വിട്ടത്.

ഗാസിയാബാദിലെ സിബിഐ കോടതിയുടെ വധശിക്ഷ ചോദ്യം ചെയ്ത് കോലിയും പാന്ദറും സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് എസ്എച്ച്എ റിസ്വി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് പരിഗണിച്ചത്. മുഖ്യപ്രതി സുരേന്ദ്ര കോലിയെ വിചാരണ കോടതി വധശിക്ഷ വിധിച്ച 12 കേസുകളില്‍ നിന്നാണ് അലഹബാദ് ഹൈക്കോടതി കുറ്റമുക്തനാക്കിയത്. കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്ഥറിനെ വധശിക്ഷ വിധിച്ച രണ്ട് കേസുകളിലും കുറ്റമുക്തനാക്കി.

സുരേന്ദ്ര കോലിയുടെ വെളിപ്പെടുത്തലുകൾ...

മൊനീന്ദര്‍ സിങ് പാന്ഥറിന്റെ സഹായിയാണ് സുരേന്ദ്ര കോലി. കേസ് അന്വേഷണത്തില്‍ നിര്‍ണായക മൊഴി നല്‍കിയതും കോലിയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കോലിയെയും പാന്ഥറിനെയും ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സസ് ഡയറക്ടറേറ്റ് (ഡിഎഫ്‌സി) ലബോറട്ടറിയിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച് മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍, പോളിഗ്രാഫ് ടെസ്റ്റുകള്‍, നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓസിലേഷന്‍ സിഗ്‌നേച്ചര്‍ (ബിഇഒഎസ്) പ്രൊഫൈലുകള്‍ എന്നിവ നടത്തി. ഇരുവരും ചേര്‍ന്ന് 18 പെണ്‍കുട്ടികള്‍, പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ, കുട്ടികള്‍ എന്നിവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങള്‍ ഇതോടെ പുറത്തുവന്നു.

നാര്‍ക്കോ ടെസ്റ്റിനിടെ കോലി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല ചെയ്യാനും മൃതദേഹങ്ങള്‍ മുറിക്കാനും തിന്നാനുമുള്ള പ്രേരണയ്ക്ക് കാരണം തന്റെ തൊഴിലുടമയായ പാന്ഥര്‍ ആണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കോലി നടത്തിയതായാണ് റിപ്പോര്‍ട്ട്.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കോലിയെ നെക്രോഫിലിയാക് അഥവാ മൃതദേഹങ്ങളെ ബലാത്സംഗം ചെയ്യുന്നവയാള്‍ എന്ന് വിശേഷിപ്പിച്ചു. മാത്രമല്ല മനുഷ്യമാംസം ഭക്ഷിക്കുന്ന ഒരു രോഗമായ നെക്രോഫാഗി ബാധിച്ചയാളാണ് കോലിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

എന്നാല്‍ കോലിക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഡിഎഫ്എസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.കോലിയുടെ നാര്‍ക്കോ വിശകലനത്തില്‍, 13 ഇരകള്‍ക്കെതിരെ ലൈംഗിക ശ്രമങ്ങള്‍ നടത്തിയതായും, 15 പേരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും, 11 തലകള്‍ വെട്ടി വലിച്ചെറിഞ്ഞതുള്‍പ്പെടെ നിരവധി കുറ്റങ്ങള്‍ കോലി നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരയെ സ്വന്തം തുണി ഉപയോഗിച്ച് ഞെരുക്കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കും. ഇര എഴുന്നേല്‍ക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ കൊല ചെയ്യും. പിന്നീട് മൃതദേഹം ഒന്നാം നിലയിലെ കുളിമുറിയിലേക്ക് കൊണ്ടുപോകും. ശരീരം തണുക്കുന്നതുവരെ കാത്തിരിക്കും. തുടര്‍ന്ന് ശരീരം മുറിച്ച് ശരീരഭാഗങ്ങള്‍ കവറുകളില്‍ പാക്ക് ചെയ്യും. കൂടാതെ, പ്രഷര്‍ കുക്കറില്‍ പാകം ചെയ്തതിന് ശേഷം രണ്ട് തവണ ഇരകളുടെ മാംസം കഴിച്ചതായി കോലി സമ്മതിച്ചു.

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്ന മൃഗങ്ങളുടെ ശവശരീരങ്ങള്‍ മുറിച്ചതിന്റെ പരിചയത്തിലാകാം കോലിക്ക് മൃതദേഹങ്ങള്‍ വിദഗ്ധമായി മുറിച്ച് സംസ്‌കരിക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

 

Noida Uttar pradesh nithari murder series surendra koli crime investigation