/kalakaumudi/media/post_banners/2409d3746d17af065443290742cdb6cc3c22ec460c076a5c020ee06d3bb1ec7e.jpg)
കോഴിക്കോട്: വയനാട് മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. കോടതിയെ സാഹചര്യം അറിയിക്കുമെന്നും കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കാന്‍ സാധിക്കുന്നില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പടമലയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. രാവിലെ നാലരയോടെയായിരുന്നു താന്നിക്കല്‍ മേഖലയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കണ്ടത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്താനുള്ള ശ്രമം നടക്കുകയായിരുന്നു. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെ പടമലയിലുമെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നില്‍പ്പെട്ടു. ആനയെ കണ്ട് രക്ഷപ്പെടാനായി അടുത്ത വീട്ടിലേക്ക് അജിഷ് ചാടിക്കയറി. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജിഷിനെ ചവിട്ടുകയായിരുന്നു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് അജിഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആനയുടെ ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ നാല് വാര്‍ഡുകളിലാണ് 144 പ്രഖ്യാപിച്ചത്. ഇതിനിടെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായി. മാനന്തവാടി മെഡിക്കല്‍ കോളേജിന് മുന്നിലെ റോഡില്‍ അജീഷിന്റെ മൃതദേഹവുമായാണ് നാട്ടുക്കാര്‍ പ്രതിഷേധിക്കുന്നത്.