/kalakaumudi/media/post_banners/3c5239d0559b49d405e9612ec46cd38154dd2a94a0ddecdd24fc48f38db02022.jpg)
ദളപതി ഒരു വികാരമാണ്. തമിഴ്‌നാടിന് മാത്രമല്ല, തമിഴകത്തിന് തന്നെയും. ആരാധകരുടെ പിന്തുണ ഇത്രയുമുള്ള ഒരു നടന്‍ ഇന്ന് ഇന്ത്യയിലില്ല. വിജയ് നായകനാകുന്ന സിനിമ വിജയിക്കുമെന്നല്ല, നൂറുകോടി കടക്കുമെന്നതിലും ഇന്നാര്‍ക്കും സംശയമില്ല. തമിഴകത്ത് ഇതിനു മുമ്പ് എം ജി ആറിന് മാത്രം കൈവരിക്കാനായ സ്വാധീനം തൊണ്ണൂറുകളുടെ തുടക്കത്തില്‍ നായകനായെത്തിയ വിജയ്ക്ക് ഇന്നുണ്ട്. അതുകൊണ്ട് ദളപതിയുടെ രാഷ്ട്രീയപ്രവേശം ഒരു അനിവാര്യതയായിരുന്നു.
വിശേഷണങ്ങള്‍ക്കപ്പുറമുള്ള താരപദവി സ്വന്തമാക്കിയ രജനികാന്തിനും കഥാപാത്രങ്ങള്‍ക്കുമപ്പുറം നിലപാടുകള്‍ കൊണ്ട് ശ്രേദ്ധേയനായ ഉലകനായകന്‍ കമല്‍ഹാസനും അടിപതറിയിടത്ത് വിജയ്ക്ക് വിജയിക്കുവാന്‍ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും ജാതിരാഷ്ട്രീയത്തിനപ്പുറം ലഭിക്കുന്ന സ്വീകാര്യതയും തുണയാകും. രണ്ടു തവണയായ് അധികാരത്തില്‍ തുടരുന്ന ഡി എം കെ നേരിടുന്ന ജനരോക്ഷവും ജയലളിതയുടെ മരണത്തിനുശേഷം എഐഡിഎംകെ നേതൃത്വത്തിലെ ഐക്യമില്ലായ്മയും വിജയ്ക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍ തന്നെയാണ്.
തന്റെ ചിത്രങ്ങളിലൂടെ ലഭിച്ച 'രക്ഷകന്‍' ഇമേജുമായി കളത്തിലിറങ്ങുന്ന വിജയ്ക്ക് യുവാക്കളുടെ മാത്രമല്ല, സ്ത്രീകളുടെ ഇടയിലും മറ്റാര്‍ക്കുമില്ലാത്ത സ്ഥാനമാണുള്ളത്. അടുത്ത വീട്ടിലെ പയ്യനായോ സഹോദരനായോ വിജയെ തമിഴ്നാട്ടിലെ സ്ത്രീസമൂഹം കാണുന്നുണ്ട്. മാത്രമല്ല സജീവമായ രാഷ്ട്രീയപ്രവര്‍ത്തനമില്ലാത്ത യുവാക്കളുടെ സൈലന്റ് മെജോറിറ്റിയെ തനിക്കു പിന്നില്‍ അണിനിരത്താനും വിജയ്ക്ക് കഴിഞ്ഞേക്കും. ബി ജെ പിയോടുള്ള ഭിന്നതയും അദ്ദേഹത്തിന്റെ തമിഴ് ദേശീയതയും വോട്ടര്‍മാരെ അടുപ്പിക്കുവാനും സാധ്യതയുണ്ട്.
മദ്യവും പണവും നല്‍കി വോട്ടുപിടിക്കുന്നത് ഒരാചാരം പോലെ കൊണ്ട് നടക്കുന്ന രണ്ടു മുന്നണികള്‍ക്കിടയില്‍ വിജയ് ലക്ഷ്യമിടുന്നത് പുതിയ വോട്ടര്‍മാരെയാണ്. വിജയ് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം യുവാക്കളെ ലക്ഷ്യം വച്ചുള്ളതുമായിരുന്നു. രാഷ്ട്രീയം വേരുറച്ചുപോയ പഴയതലമുറയെ മാറ്റിചിന്തിപ്പിക്കുന്നതിനേക്കാള്‍ തനിക്കു സ്വാധീനമുള്ള പുതിയ തലമുറയുടെ വോട്ട് ഉറപ്പിക്കുകയാണ് വിജയ്ക്ക് എളുപ്പം.
എംജിആറിനും ജയലളിതയ്ക്കും താരപരിവേഷം ഒരലങ്കാരം മാത്രമായിരുന്നു. സിനിമാതാരങ്ങളെന്നതിനു പുറമെ മികച്ച രാഷ്ട്രതന്ത്രജ്ഞര്‍ തന്നെയായിരുന്നു ഇരുവരും. അതുപോലെതന്നെ നേതൃപാടവമുള്ളവരും. സ്‌ക്രീനിനുപുറത്ത് വിജയും ഇത് തെളിയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയുടെ നിലനില്‍പ്പ് അതിനെ ആശ്രയിച്ചിരിക്കും. ചലനമില്ലാത്ത വോട്ടുബാങ്കുകളുള്ള തമിഴ് രാഷ്ട്രീയത്തില്‍ ചെറുപാര്‍ട്ടികള്‍ 5 ശതമാനത്തില്‍ താഴെ വോട്ടുകളെ സാധാരണ നേടാറുള്ളു. വിജയകാന്തിന്റെ പാര്‍ട്ടിയ്ക്കുപോലും 8 ശതമാനം വോട്ടാണ് റെക്കോര്‍ഡ്.
70 വര്‍ഷമായ് മാറി മാറി ഭരിച്ചുവരുന്ന ഡി എം കെയുടെയും എ ഐ ഡി എം കെയുടേയും മുകളില്‍ വിജയ്ക്ക് സ്വാധീനം ചെലുത്തുവാനാകണം. ഭരണത്തിലിരിക്കുന്ന ഡി എം കെയോട് ഏതെങ്കിലുമൊരു ഘട്ടത്തില്‍ താരത്തിനിടഞ്ഞേ പറ്റൂ. അതോടൊപ്പം നിലവിലെ രാഷ്ട്രീയസ്ഥിതിയില്‍ നിന്നൊരു മോചനമായി സ്വയം അദ്ദേഹം തെളിയിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ പണം വാരിയെറിയേണ്ട തമിഴ്‌നാട് ഇലക്ഷനില്‍ പയറ്റാന്‍ വിജയ്ക്ക് ഫണ്ട് ലഭിക്കുകയുള്ളു.
നിയമസഭാ ഇലക്ഷനിലൂടെ രാഷ്ട്രീയ ശക്തികേന്ദ്രമായ് മാറാനും അങ്ങനെ 2031ല്‍ 15% വോട്ടുകള്‍ നേടുവാനുമാണ് ദളപതി ലക്ഷ്യമിടുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. രണ്ടു മുന്നണികളോടും തമിഴ്ജനതയ്ക്കുള്ള അപ്രീതി താരത്തിന് തനിക്കനുകൂലമായ്വിനിയോഗിക്കുവാന്‍ കഴിഞ്ഞാല്‍ തമിഴകത്തിന്റെ മണ്ണില്‍ ദളപതിയുടെ വെന്നിക്കൊടി പാറുമെന്നതില്‍ സംശയമില്ല.