/kalakaumudi/media/post_banners/f13d01993716b7ef293974b1869af93360ede6ea58173a67d257083fcfc4ffed.jpg)
മുംബൈ: മുംബൈയിലെ തെരുവിൽ കുഞ്ഞിന് ജന്മം നൽകി 30 കാരി. കുർള പ്രദേശത്തിലെ ഒരു തെരുവിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മയെയും നവജാതശിശുവിനെയും സമീപത്തെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
കമാനി ജംഗ്ഷനു സമീപമുള്ള തെരുവിൽ ഒരു സ്ത്രീ പ്രസവിച്ചതായി തങ്ങൾക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് മുംബൈ വിബി നഗർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രസവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സുവർണ മിർഗൽ എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
'പ്രസവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചയുടൻ, നിർഭയ പദ്ധതിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ത്രീയെയും നവജാതശിശുവിനെയും അടുത്തുള്ള ബിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുട്ടിക്കും തക്കസമയത്ത് ചികിത്സ ലഭിച്ചു, ഇരുവരും സുഖമായിരിക്കുന്നു." ഓഫീസർ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ ചുമതലപ്പെടുത്തിയ മുംബൈ പോലീസിലെ പ്രത്യേക സംഘത്തെ നയിക്കുന്നത് നിർഭയ പദ്ധതി ആണ്. സ്ഥിരമായി പട്രോളിംഗ് നടത്തുന്ന പരിശീലനം ലഭിച്ച വനിതാ പോലീസുകാരാണ് സംഘത്തിലുള്ളത്. ലൈംഗികാതിക്രമം, പിന്തുടരൽ, ബലാത്സംഗം, ആസിഡ് ആക്രമണം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനും ചുമതലയുണ്ട്.