/kalakaumudi/media/post_banners/3ab6d811f7a3f088bb094a30fe24ba021a4cc32dee11997fe420a4d9e2145e49.jpg)
ന്യൂഡല്‍ഹി: മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകളും വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടിയുടെ സ്ഥാപകയുമായ വൈ എസ് ശര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെയും കോണ്‍ഗ്രസില്‍ ലയിപ്പിച്ചു.
''കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ സെക്കുലര്‍ പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ യഥാര്‍ഥ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുകയും നമ്മുടെ രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്'' എന്ന് അംഗത്വ സീകരണത്തിന് ശേഷം വൈ എസ് ശര്‍മിള പ്രതികരിച്ചു.
ഈ വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കും. തെലങ്കാനയില്‍ ടിഡിപി വിട്ടെത്തി പിസിസി അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചിരുന്നു. ഇതേ മാതൃകയില്‍ ശര്‍മിളയെ പിസിസി അധ്യക്ഷയാക്കുമെന്നും അഭ്യൂഹമുണ്ട്.
വൈ എസ് ശര്‍മിള ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ്. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ശര്‍മിള കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.