യുവ ഡോക്ടറിന്റെ ആത്മഹത്യ; പ്രതിയുടെ പിതാവ് ഒളിവില്‍

യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍.

author-image
anu
New Update
യുവ ഡോക്ടറിന്റെ ആത്മഹത്യ; പ്രതിയുടെ പിതാവ് ഒളിവില്‍

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ പിതാവ് ഒളിവില്‍. കേസില്‍ പ്രതിയുടെ വീട്ടുകാര്‍ക്കുള്ള പങ്കിനെക്കുറിച്ച് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന് പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഡോ. ഷഹനയുടെ സഹോദരന്‍ ജാസിം നാസ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സുഹൃത്തുക്കളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

റുവൈസും പിതാവും നിരന്തരം സ്ത്രീധനത്തിനു വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ പിതാവിനെയും കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.

അതേസമയം പ്രതി ഡോ. റുവൈസ് നിലവില്‍ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസിലെ പ്രധാന തെളിവായ റുവൈസിന്റെയും ഷഹനയുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ അടക്കം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

സ്ത്രീധനം ആവശ്യപ്പെട്ട് ഡോ.ഷഹനയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് ഷഹനയുടെ മരണത്തിന് ഇടയാക്കി. പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പില്‍ ഉണ്ട്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'തന്റെ ഭാഗത്തുനിന്ന് ആരെങ്കിലും എപ്പോഴെങ്കിലും എല്ലാവിശേഷങ്ങളും കേള്‍ക്കും', എന്നായിരുന്നു ഇയാളുടെ വാക്കുകള്‍.

ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്ന് ഡോ. റുവൈസിനെ മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Latest News kerala news