/kalakaumudi/media/post_banners/2b71e7440c4f4b33648db4bbbe6879c45f5ed530ae977dc7e8ae12ed1bd39bf1.jpg)
പത്തനംതിട്ട: നിയമന തട്ടിപ്പ് കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ തട്ടിയെന്നാണ് പരാതി. എം. കോം ബിരുദധാരിയില്‍ നിന്നും പണം തട്ടിയതായി കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ആറന്മുള പൊലീസ് കേസെടുത്തു.
അതേസമയം, ആരോഗ്യവകുപ്പിന്റെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കിയ പണം തട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ സസ്‌പെന്‍ഡ് ചെയ്തു. അരവിന്ദനെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയില്‍ അരവിന്ദനെ കന്റോണ്‍മന്റ് പൊലീസ് കസ്റ്റഡിലെടുത്തതിന് പിന്നാലെയായിരുന്നു നടപടി.
പത്തനംതിട്ട സ്വദേശിയായ യുവതിക്ക് ആരോഗ്യവകുപ്പില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50,000 രൂപയാണ് അരവിന്ദ് വാങ്ങിയത്. കോഴഞ്ചേരി ആശുപത്രിക്ക് മുന്നില്‍ വച്ച് വ്യാജ നിയമന ഉത്തരവും നല്‍കി. ഈ ഉത്തരവിന്റെ ഒരു പകര്‍പ്പ് അരവിന്ദ് ഒപ്പിട്ടു വാങ്ങുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. ഈ വ്യാജ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആരോഗ്യവകുപ്പ് പരാതി നല്‍കിയത്.
ആരോഗ്യവകുപ്പില്‍ നിയമനത്തിന് എംപി ക്വാട്ടയുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിയമനം വാഗ്ദാനം ചെയ്തു തന്നോട് മൂന്ന് ലക്ഷം രൂപ അരവിന്ദ് ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവമോര്‍ച്ച നേതാവ് അജിത് സജി രംഗത്തെത്തി.
അരവിന്ദ് അറസ്റ്റിലായതിന് പിന്നാലെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴിയാണ് അരവിന്ദ് എല്ലാവരില്‍ നിന്നും പണം വാങ്ങിയിരിക്കുന്നത്. തട്ടിപ്പിന് പിന്നില്‍ നിരവധിപ്പേരുണ്ടെന്നാണ് സംശയം. ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ ജോലിതട്ടിപ്പ് നടത്തിയ മുന്‍ എസ്എഫ് നേതാവും സിഐടിയും പത്തനംതിട്ട ഓഫീസ് സെക്രട്ടറിയുമായിരുന്ന അഖില്‍ സജീവുമായി അരവിന്ദിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അരവിന്ദന്റെ ആറന്മുളയിലെ വാടകവീട്ടിലും നിലയ്ക്കലെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.