By Hiba.23 09 2023
കൊച്ചി : കൊച്ചിയിൽ നടന്ന ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി ഉദ്ഘാടന മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി പരാതി. ബ്ലാസ്റ്റേഴ്സ് താരം ഐബൻഭ ദോലിംഗിനെ ബെംഗളൂരുവിന്റെ വിദേശ താരം റയാൻ വില്യംസ് അധിക്ഷേപിച്ചെന്നാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പായ മഞ്ഞപ്പട ഉൾപ്പെടെയുള്ളവർ ആരോപിച്ചത്.
ഓസ്ട്രേലിയൻ താരത്തിന്റെ നടപടിക്കെതിരെ ഐഎസ്എൽ സംഘാടകർക്ക് പരാതി നൽകിയതായി ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് അറിയിച്ചു. നടപടിയെടുക്കാൻ ബെംഗളൂരു എഫ്സി ക്ലബ്ബിനോട് ആവശ്യപ്പെട്ടതായും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
മത്സരത്തിന്റെ 83–ാം മിനിറ്റിലാണു സംഭവം. ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കായ ഐബൻഭയുമായി കൊമ്പുകോർത്ത ബെംഗളൂരു സ്ട്രൈക്കർ വില്യംസ് താരത്തിനു നേർക്കു നടന്നടുക്കുന്നതിനിടെ സ്വന്തം മൂക്ക് പൊത്തിയതാണു വിവാദത്തിന് ഇടയാക്കിയത്.