ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്ഥാനത്തോട് അടുത്ത് ഗില്‍

ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തോട് ഒരുപടി കൂടി അടുത്തു. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് നിലവില്‍ ഒന്നാമതുള്ളത്.

author-image
Hiba
New Update
ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്ഥാനത്തോട് അടുത്ത് ഗില്‍

ന്യൂഡല്‍ഹി: ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തോട് ഒരുപടി കൂടി അടുത്തു. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് നിലവില്‍ ഒന്നാമതുള്ളത്.

നവംബര്‍ ഒന്നിന് പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങില്‍ ഗില്‍ കേവലം ബാബറിന് രണ്ട് പോയിന്റുകള്‍ മാത്രം പിന്നിലാണ്. ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ അവിസ്മരണീയ പ്രകടനങ്ങളുമായാണ് യുവതാരം റാങ്കിങില്‍ മുന്നേറ്റം നടത്തിയത്.

ഈ വര്‍ഷം ഇതുവരെ കളിച്ച 24 മത്സരങ്ങളില്‍ നിന്ന് 63.52 ശരാശരിയിലും 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലും 1334 റണ്‍സാണ് 24കാരന്‍ നേടിയിട്ടുള്ളത്. ഇന്ത്യ കിരീടം ഉയര്‍ത്തിയ ഏഷ്യാ കപ്പിലെ മികച്ച റണ്‍ വേട്ടക്കാരനായതും യുവ താരമായിരുന്നു. എന്നാല്‍ കന്നി ലോകകപ്പിന് എത്തിയ ഗില്ലിന് പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ഗില്ലിന് ഡെങ്കിപ്പനി തിരിച്ചടിയായി. അഹമ്മദാബാദില്‍ പാകിസ്ഥാനെതിരായ ഏറ്റുമുട്ടലിന് മുമ്ബ് നടന്ന രണ്ട് മത്സരങ്ങള്‍ താരത്തിന് നഷ്ടമായി. അതിനുശേഷം, ഗില്ലിന് ഇതുവരെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ദ്ധ സെഞ്ചുറിയോടെ 104 റണ്‍സ് മാത്രമാണ് നേടാനായത്.

ബാബറിനും ഇത്തവണത്തെ ലോകകപ്പില്‍ പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് 216 റണ്‍സ് നേടിയ പാകിസ്ഥാന്‍ താരത്തിന് ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ ഒമ്ബത് റണ്‍സ് മാത്രമാണ് നേടാനായത്. കൂടാതെ ബാബറിന്റെ ബാറ്റിങിലെ മെല്ലെപ്പോക്കും വിമര്‍ശന വിധേയമായി.

ലോകകപ്പിന് മുന്‍പ് ഇരു താരങ്ങള്‍ക്കും ഇടയില്‍ ആറ് പോയിന്റ് വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് രണ്ടായി കുറയ്ക്കാന്‍ ഗില്ലിന് കഴിഞ്ഞു. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്താന്‍ ഗില്ലിന് ബാബറിനെ മറികടക്കുക എളുപ്പമാവും.

 
Shubman Gill icc world cup