By Hiba .11 09 2023
റെക്കോർഡുകൾ എന്നത് നൊവാക്ക് ജോക്കോവിച്ചിന്റെ കരിയറിൽ ഒരു സാധാരണ കാര്യമാണ്. നിലവിലെ റെക്കോർഡുകൾ തകർക്കുന്നതും, പുതിയവ എഴുതിച്ചേർക്കുന്നതും ജോക്കോയ്ക്ക് വളരെ ആഹ്ലാദം നൽകുന്ന കാര്യമാണ്.ഗ്രാൻഡ്സ്‍ലാം റെക്കോർഡുകളിൽവരെ സ്വന്തം പേര് എഴുതിച്ചേർത്തുകഴിഞ്ഞു അദ്ദേഹം.
കുറെ കാലം ഒന്നാം നമ്പർ താരമായും തുടർന്നിരുന്നു .2023 ലെ ഫ്രഞ്ച് ഓപ്പൺ വിജയത്തോടെ കൂടുതൽ ഗ്രാൻഡ്സ്‍ലാമുകൾ വിജയിക്കുന്ന പുരുഷ താരമായി ജോക്കോ മാറിയിരുന്നു. 23 കിരീടങ്ങളുമായി ജോക്കോ അന്നു പിന്നിലാക്കിയത് സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിനെയായിരുന്നു. ജോക്കോയുടെ ഒരു കാത്തിരിപ്പു കൂടി അവസാനിച്ചിരിക്കുന്നു.
24–ാം ഗ്രാൻഡ് സ്‍ലാം വിജയത്തോടു കുടി ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്‍ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർഡിൽ ജോക്കോ എത്തി. ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് ആയിരുന്നു ഇതുവരെ ആ പട്ടികയിൽ മുൻപിൽ ഇപ്പോൾ രണ്ടുപേരും ഒപ്പത്തിനൊപ്പമാണ് . യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ തോല്പിച്ചത്.
2023 ൽ 36 വയസ്സുകാരനായ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്‍ലാം വിജയമാണ് യുഎസ് ഓപ്പണിലേത്. റോളണ്ട് ഗാരോസിൽ കാസ്പര്‍ റൂഡിനെയും, ഓസ്ട്രേലിയന്‍ ഓപ്പണിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെയും താരം കീഴടക്കി. വിമ്പിൾഡനിൽ കാർലോസ് അൽകാരസിനു മുന്നിൽ വീണതാണ് 2023 ലെ ഗ്രാൻഡ്സ്‍ലാം തിരിച്ചടി. യുഎസ് ഓപ്പൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്.