ക്രിക്കറ്റിലേക്കു വരാൻ കാരണം അദ്ദേഹം, സച്ചിനാണ് എന്റെ റോൾ മോഡൽ: വിരാട് കൊഹ്‌ലി

സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്താൻ സാധിച്ചതിൽ സന്തോഷം. പക്ഷേ, സച്ചിനോളം മികച്ച താരമാകാൻ എനിക്കൊരിക്കലും സാധിക്കില്ല. സച്ചിനാണ് എന്റെ റോൾ മോഡൽ. ഞാൻ ക്രിക്കറ്റിലേക്കു വരാൻ കാരണം അദ്ദേഹമാണ്

author-image
Hiba
New Update
ക്രിക്കറ്റിലേക്കു വരാൻ കാരണം അദ്ദേഹം, സച്ചിനാണ് എന്റെ റോൾ മോഡൽ: വിരാട് കൊഹ്‌ലി

കൊൽക്കത്ത: സച്ചിൻ തെന്‍ഡുൽക്കറോളം മികച്ച കളികാരനാകാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനു ശേഷമായിരുന്നു കോലിയുടെ പ്രതികരണം. ‘‘സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്താൻ സാധിച്ചതിൽ സന്തോഷം. പക്ഷേ, സച്ചിനോളം മികച്ച താരമാകാൻ എനിക്കൊരിക്കലും സാധിക്കില്ല. സച്ചിനാണ് എന്റെ റോൾ മോഡൽ. ഞാൻ ക്രിക്കറ്റിലേക്കു വരാൻ കാരണം അദ്ദേഹമാണ്.’’

‘‘ഈ ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. എന്റെ പിറന്നാൾ ദിനത്തിൽ, ഇത്രയും നിർണായകമായ മത്സരത്തിൽ നന്നായി കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യ ഓവറുകൾക്കു പിന്നാലെ പിച്ച് പെട്ടെന്നു വേഗം കുറഞ്ഞത് ഞങ്ങൾക്കു തിരിച്ചടിയായി. അവസാന ഓവർ വരെ കളിക്കുക എന്നതായിരുന്നു എനിക്കു ഡ്രസിങ് റൂമിൽ നിന്നു ലഭിച്ച നിർദേശം. 300 റൺസ് ലക്ഷ്യം വച്ചാണ് ഞങ്ങൾ കളിച്ചത്. അതു നേടാൻ സാധിച്ചത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി.’’– വിരാട് കോലി പ്രതികരിച്ചു.

49–ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയതോടെ വിരാട് കോലിക്ക് അഭിനന്ദനവുമായി സച്ചിൻ തെൻഡുൽക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ 49ൽ നിന്ന് 50 എത്താൻ എനിക്ക് 365 ദിവസങ്ങൾ വേണ്ടിവന്നു. എന്നാൽ, 49 ൽ നിന്ന് 50 ൽ എത്തി, എന്റെ റെക്കോർഡ് തിരുത്താൻ താങ്കൾക്ക് അടുത്ത ദിവസം തന്നെ സാധിക്കട്ടെ!’’– സച്ചിൻ വ്യക്തമാക്കി. തന്റെ 50–ാം പിറന്നാളിനെക്കുറിച്ച് തമാശയായി സൂചിപ്പിച്ചാണ് സച്ചിൻ സമൂഹമാധ്യമത്തിൽ കോലിയെ അഭിനന്ദിച്ചത്.

 
sachin tendulkar icc world cup Virat Kohli