സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ പരിക്ക്; പാക് പേസര്‍ നസീം ഷാ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

നസീമിന്റെ വലത് തോളിനാണ് പരിക്കേറ്റിരിക്കുന്നത്. പകരക്കാരനായി വലംകൈയന്‍ പേസര്‍ സമാന്‍ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

author-image
Greeshma Rakesh
New Update
സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ പരിക്ക്; പാക് പേസര്‍ നസീം ഷാ ഏഷ്യാ കപ്പില്‍ നിന്ന് പുറത്ത്

കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ പാകിസ്താന്‍ പേസര്‍ നസീം ഷാ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്. ബുധനാഴ്ച പാകിസ്താന്‍ ടീമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.നസീമിന്റെ വലത് തോളിനാണ് പരിക്കേറ്റിരിക്കുന്നത്. പകരക്കാരനായി വലംകൈയന്‍ പേസര്‍ സമാന്‍ ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് നസീം പരിക്കേറ്റ് പുറത്തായിരിക്കുന്നത്. അതേസമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പാക് താരം ഹാരിസ് റൗഫ് കായികക്ഷമത കൈവരിച്ചതായി പാക് മാനേജ്മെന്റ് അറിയിച്ചു. വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ റൗഫ് കളിക്കും.

ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ റൗഫ് അഞ്ച് ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്തത്. നസീം ഷാ അവസാന ഓവര്‍ പൂര്‍ത്തിയാക്കാനാകാതെ മടങ്ങുകയായിരുന്നു. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇത് കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നസീം ഷായെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതെന്ന് പിസിബി പ്രസ്താവനയില്‍ അറിയിച്ചു.

cricket Asia Cup 2023 India vs Pakistan Naseem Shah